പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു, ആദ്യകാല മലയാള സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ

പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) ചെന്നൈയിൽ അന്തരിച്ചു. മലയാളത്തിലെ പഴയകാല ക്ലാസിക് സിനിമകളുടെ ഛായാഗ്രാഹകനായ അദ്ദേഹം. കെ.എസ്. സേതുമാധവൻ, ഹരിഹരൻ പോലുള്ള പ്രഗത്ഭ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. അനുഭവങ്ങൾ പാളിച്ചകൾ, യക്ഷി, അടിമകൾ, വാഴ്വേമായം, അരനാഴികനേരം, ശരപഞ്ജരം, പൂച്ചസന്യാസി തുടങ്ങിയ ക്ലാസിക് ചിത്രങ്ങൾക്ക് ദൃശ്യഭാഷയൊരുക്കിയിട്ടുണ്ട്
ഇന്ത്യൻ സിനിമയിലെ ആദ്യകാല ക്യാമറാമാനായ ആദി എം. ഇറാനിയുടെ മകനായ മെല്ലി ജനിച്ചത് മുംബൈയിലാണ്. അച്ഛനോടൊപ്പം 'ജ്ഞാനസുന്ദരി' (1962) യിൽ ക്യാമറ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. പിൽക്കാലത്ത് മലയാള സിനിമയുടെ തലക്കുറി തിരുത്തിയ എത്രയോ ചിത്രങ്ങൾ സമ്മാനിച്ച കെ.എസ്. സേതുമാധവന്റെ ആദ്യചിത്രമായിരുന്നു അത്. ഇറാനിയുടെ ഛായാഗ്രഹണ ശൈലി മലയാളത്തിൽ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയതും സേതുമാധവൻ തന്നെ.
മലയാളത്തിലെ അനശ്വര ഗാനങ്ങൾ പലതും ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നത് മെല്ലി ഇറാനിയുടെ ക്ലാസിക് ഫ്രെയിമുകളുടെ കൂടി അകമ്പടിയോടെയാണ്. പ്രവാചകന്മാരേ പറയൂ (അനുഭവങ്ങൾ പാളിച്ചകൾ) എന്ന ഗാനരംഗത്തിന്റെ തുടക്കത്തിൽ ചെല്ലപ്പന്റെ ആത്മസംഘർഷം മുഴുവൻ പകർത്തിയെടുത്ത സത്യന്റെ ക്ലോസപ്പ് ഷോട്ട് .'കല്യാണി കളവാണി' എന്ന ഗാനരംഗത്തിലെ കെപിഎസി ലളിതയുടെ ലജ്ജാവിവശയായ മുഖത്തിന്റെ ഷോട്ടുകൾ. അഗ്‌നിപർവതം പുകഞ്ഞു, ഉജ്ജയിനിയിലെ ഗായിക, ചലനം ചലനം, നീലഗിരിയുടെ സഖികളേ, പാരിജാതം തിരുമിഴി തുറന്നു, താഴമ്പൂ മണമുള്ള, പൂന്തേനരുവീ, ശ്രാവണ ചന്ദ്രിക, സ്വർണചാമരം വീശിയെത്തുന്ന, വിളിച്ചു ഞാൻ വിളികേട്ടു, സാമ്യമകന്നോരുദ്യാനമേ, ചന്ദ്രകിരണം ചാലിച്ചെടുത്തൊരു, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, പാതിരാത്തണുപ്പ് വീണു, നനഞ്ഞ നേരിയ പട്ടുറുമാൽ, കാറ്റു വന്നു കള്ളനെപ്പോലെ, സൗരയൂഥ പഥത്തിലെന്നോ. തുടങ്ങി മറക്കാനാവാത്ത ദൃശ്യാനുഭവങ്ങൾ കൂടിയായിരുന്നു മെല്ലി ഇറാനി ചിത്രീകരിച്ച ഗാന രംഗങ്ങളെല്ലാം.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഉൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി
Content Highlights: Legendary cinematographer Melli Irani, known for his iconic collaborations with directors like KS Sethumadhavan and capturing some of Malayalam cinema's most evergreen song sequences, passed away in Chennai at the age of 94.