ഭ്രമയുഗം കണ്ട് ഉറക്കം നഷ്ടപ്പെട്ടു, നമ്മൾ ഒരു സീൻ ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുക്കുമ്പോൾ മലയാളത്തിൽ ഒരു സിനിമതന്നെ അങ്ങനെ ചെയ്തു -മാരി സെൽവരാജ്

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനംചെയ്ത ചിത്രമാണ് ഭ്രമയുഗം. ഹൊറർ പശ്ചാത്തലത്തിൽ 2024-ൽ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കൂടിയായിരുന്നു ഭ്രമയുഗം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകനായ മാരി സെൽവരാജ്.
ബൈസൺ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് മാരി സെൽവരാജ് ഭ്രമയുഗത്തെക്കുറിച്ച് സംസാരിച്ചത്. ചിത്രം കണ്ട് തന്റെ ഉറക്കം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ആ ചിത്രത്തിന്റെ ദൃശ്യങ്ങൾ അദ്ഭുതപ്പെടുത്തിയെന്നും മാരി സെൽവരാജ് വെളിപ്പെടുത്തി.
"മമ്മൂട്ടിയെ എങ്ങനെ കാണണമെന്ന് ആഗ്രഹിച്ചോ, ഭ്രമയുഗം അത് സാധിച്ചുതന്നു. തമിഴിൽ ഏതെങ്കിലും പാട്ടോ, ചെറിയ രംഗങ്ങളോ ആയിരിക്കും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക. മലയാളത്തിൽ ഒരു സിനിമ മുഴുവനായി കറുപ്പിലും വെളുപ്പിലും ചെയ്തുവെച്ചിരിക്കുകയാണ്. അത് അദ്ഭുതപ്പെടുത്തി." മാരി സെൽവരാജിന്റെ വാക്കുകൾ. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരായിരുന്നു ഭ്രമയുഗത്തിലെ മറ്റ് അഭിനേതാക്കൾ.
ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ മാമന്നൻ എന്ന ചിത്രത്തിനുശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണ് ബൈസൺ. രജിഷ വിജയനും അനുപമ പരമേശ്വരനുമാണ് നായികമാർ. ലാൽ, പശുപതി എന്നിവരാണ് മറ്റുസുപ്രധാന വേഷങ്ങളിൽ.
Content Highlights: Tamil director Mari Selvaraj is stunned by `Bramayugam,` praising its all-black-and-white execution and Mammootty`s performance. He calls it a cinematic marvel.