ആളുകളെ ബന്ദികളാക്കുന്ന കഥയുള്ള സിനിമയിലഭിനയിക്കാൻ രോഹിത് വിളിച്ചിരുന്നു, പോകാതിരുന്നത് ഭാഗ്യം -വെളിപ്പെടുത്തലുമായി നടി

മുംബൈ: പോവായിലെ ആക്ടിംഗ് സ്റ്റുഡിയോയിൽ 17 കുട്ടികളുൾപ്പെടെ 19 പേരെ ബന്ദികളാക്കിയ രോഹിത് ആര്യയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് താൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തി മറാഠി ചലച്ചിത്ര നടി രുചിത യാദവ്. ബന്ദിയാക്കൽ സാഹചര്യത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമാ പ്രോജക്റ്റിനായി ആര്യ തന്നെ സമീപിച്ചതായി നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഒക്ടോബർ 28-ന് കൂടിക്കാഴ്ചയ്ക്ക് തയ്യാറായെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അത് റദ്ദാക്കുകയായിരുന്നു. ഒക്ടോബർ 31-ന് നടന്ന ബന്ദിയാക്കൽ വാർത്ത കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് നടി പറയുന്നു. ഈ സംഭവം പുതിയ പ്രോജക്റ്റുകൾക്കായി ആളുകളെ കാണുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു എന്നും ജാദവ് കൂട്ടിച്ചേർത്തു.
ഒരുകൂട്ടം ആളുകൾ ബന്ദികളാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒരു സിനിമയിൽ അവസരം വാഗ്ദാനം ചെയ്തുകൊണ്ട് ഒക്ടോബർ 4-ന് ആര്യ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് രുചിത യാദവ് പറഞ്ഞു. ഒരു ചലച്ചിത്രകാരനായാണ് രോഹിത് സ്വയം പരിചയപ്പെടുത്തിയതെന്നും അവർ പറഞ്ഞു. ആര്യ ആഴ്ചകളോളം തനിക്ക് സന്ദേശങ്ങൾ അയക്കുന്നത് തുടർന്നിരുന്നു. ഒക്ടോബർ 23-ന്, 27, 28, 29 തീയതികളിൽ ഏതെങ്കിലും ഒരു ദിവസം സ്റ്റുഡിയോയിൽ വെച്ച് കാണാൻ കഴിയുമോ എന്ന് അയാൾ ചോദിച്ചു. ഒക്ടോബർ 28-ന് കാണാമെന്ന് താൻ സമ്മതിച്ചെന്നും രുചിത പറഞ്ഞു.
കുട്ടികളെ ബന്ദിയാക്കിവെച്ച പോവായിലെ ആർഎ സ്റ്റുഡിയോയുടെ ലൊക്കേഷനാണ് ആര്യ രുചിതയ്ക്ക് അയച്ചുകൊടുത്തത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ നടി ആ കൂടിക്കാഴ്ച റദ്ദാക്കി. ഒക്ടോബർ 31-ന് ബന്ദി സാഹചര്യത്തെക്കുറിച്ചുള്ള വാർത്ത കാണുകയും ആര്യയുടെ പേര് തിരിച്ചറിയുകയും ചെയ്തപ്പോൾ താൻ ഞെട്ടിപ്പോയി എന്ന് അവർ പറഞ്ഞു.
"എനിക്കിത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. കുട്ടികളെ ബന്ദികളാക്കിയ ഈ മനുഷ്യനുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. അന്ന് പോകുന്നതിൽ നിന്ന് എന്നെ തടഞ്ഞതിന് ഞാൻ ദൈവത്തോടും എൻ്റെ കുടുംബത്തോടും നന്ദി പറയുന്നു. ജാഗ്രത പാലിക്കേണ്ടതിൻ്റെയും കൂടിക്കാഴ്ചകളെക്കുറിച്ച് കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിക്കേണ്ടതിൻ്റെയും ആരെയും വിശ്വസിക്കുന്നതിന് മുൻപ് വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതിൻ്റെയും പ്രാധാന്യം ഈ സംഭവം എന്നെ ഓർമ്മിപ്പിച്ചു"-അവർ കുറിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. 1.45-ന് മഹാവീർ ക്ലാസിക് കെട്ടിടത്തിൽ ഒരാൾ 17 കുട്ടികളെ ബന്ദികളാക്കിയതായി പവായ് പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നെന്ന് ജോയിന്റ് പോലീസ് കമ്മിഷണർ (ക്രമസമാധാനം) സത്യനാരായണൻ പറഞ്ഞു. പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി. എയർ ഗണ്ണിനു പുറമേ, ചില രാസവസ്തുക്കളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. അനുനയനീക്കം ഫലിക്കാഞ്ഞതിനെത്തുടർന്ന് പോലീസ് നടപടിയിലേക്ക് തിരിഞ്ഞു. എട്ടംഗ പോലീസ് കമാൻഡോ സംഘം കുളിമുറിവഴി സ്റ്റുഡിയോയിലേക്ക് പ്രവേശിച്ച് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
രോഹിതിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരു വെബ് സീരീസിനായി സ്റ്റുഡിയോയിൽ ഓഡിഷൻ നടന്നുവരുകയായിരുന്നു. 15 വയസ്സുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രതി രോഹിത് ആര്യ വിളിച്ചിരുന്നു. രണ്ടു ദിവസമായി ഓഡിഷൻ നടന്നുവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ‘ചിലരോട് ചോദ്യങ്ങൾ ചോദിക്കാൻ’ ആഗ്രഹിക്കുന്നെന്ന് പറഞ്ഞുകൊണ്ട് പ്രതിതന്നെ ബന്ദികളാക്കിയവരുടെ വീഡിയോ പുറത്തുവിടുകയായിരുന്നു. എയർഗൺ ഉപയോഗിച്ച് പ്രതി കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പോലീസിന് വെടിവെക്കേണ്ടി വരികയായിരുന്നെന്നും പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽവെച്ച് മരിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
Content Highlights: Marathi actor Ruchita Jadhav reveals she was invited by the Powai hostage-taker, Rohit Arya, for a `film project` just days before the incident. Learn about her narrow escape.