തൃഷയ്ക്കെതിരെ അശ്ലീല പരാമർശം: മൻസൂർ അലി ഖാനെതിരെ ലോകേഷ് കനകരാജും മാളവികയും

നടി തൃഷയ്ക്കെതിരെ നടൻ മൻസൂർ അലിഖാൻ നടത്തിയ അശ്ലീല പരാമർശങ്ങളിൽ വിവാദം ചൂടുപിടിയ്ക്കുന്നു. മൻസൂർ അലി ഖാനെ വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജും നടി മാളവിക മോഹനനും രംഗത്തെത്തി. മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി തൃഷ എത്തിയതിന് പിന്നാലെയാണിത്.
ലിയോ സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350-ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോൾ നമ്മൾ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ? ചിത്രത്തിലെ വില്ലൻ വേഷം പോലും തനിക്ക് തന്നില്ലെന്നുമാണ് മൻസൂർ അലിഖാൻ പറഞ്ഞത്. ഇതിനെതിരെ തൃഷയടക്കം നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പിന്തുണയുമായി ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും നടി മാളവികയും രംഗത്തെത്തിയത്.
മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിരാശയും രോഷവും തോന്നിയെന്ന് ലോകേഷ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഈ വിഷയത്തിൽ തൃഷയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ലോകേഷിന്റെ കുറിപ്പ്. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും അദ്ദേഹം പോസ്റ്റ് ചെയ്തു.
മൻസൂർ അലി ഖാന്റെ വാക്കുകൾ അത്രമേൽ വെറുപ്പുളവാക്കുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് നടി മാളവിക എക്സിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. ഇയാൾ എങ്ങനെയാണ് സ്ത്രീകളെ കാണുന്നതെന്നും അവരെക്കുറിച്ച് ചിന്തിക്കുന്നതെന്നുമുള്ള കാര്യം വളരെയേറെ ലജ്ജിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു. പരസ്യമായും പ്രത്യാഘാതങ്ങളേക്കുറിച്ച് ആശങ്കപോലുമില്ലാതെയാണിദ്ദേഹം സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചോർത്ത് ലജ്ജിക്കുന്നുവെന്നും ഇത് വിചാരിക്കുന്നതിനേക്കാൾ നികൃഷ്ടമാണെന്നും മാളവിക കൂട്ടിച്ചേർത്തു.
മൻസൂർ അലി ഖാന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ആദ്യം പ്രതികരണവുമായെത്തിയത് തൃഷ തന്നെയാണ്. ‘‘മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിക്കുന്നതിന്റെ വിഡിയോ ശ്രദ്ധയിൽപെട്ടു. ശക്തമായി അപലപിക്കുന്നു. മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. അദ്ദേഹത്തിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമാണ്. എന്റെ സിനിമാ ജീവിതത്തിൽ ഇനിയുണ്ടാകില്ലെന്നും ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവർ മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നു’’ എന്നാണ് തൃഷ എക്സിൽ പോസ്റ്റ് ചെയ്തത്.
ഇതാദ്യമായല്ല സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ മൻസൂർ അലി ഖാൻ വിമർശനം നേരിടുന്നത്. ഈയിടെ ജയിലർ എന്ന ചിത്രത്തിലെ ഗാനരംഗം ചൂണ്ടിക്കാട്ടി തമന്നയ്ക്കെതിരെയും താരം മോശം പരാമർശം നടത്തിയിരുന്നു. ഇതിന്റെ ചൂടാറുംമുമ്പാണ് പുതിയ പ്രശ്നവും ഉയർന്നിരിക്കുന്നത്.
Content Highlights: mansoor ali khan's bad words about trisha, lokesh kanagaraj and malavika mohanan against the actor