ആയിരം പേജുള്ള കുറ്റപത്രം; ഇരുന്നൂറ് കോടി ക്ലബിൽനിന്ന് കോടതി കയറിയ മഞ്ഞുമ്മൽ ബോയ്‌സ്

കൊച്ചി: മലയാള സിനിമ ചരിത്രത്തിൽ 200 കോടിക്കിലുക്കവുമായി ഇടംപിടിച്ച സിനിമയാണ് ചിദംബംരം സംവിധാനംചെയ്ത മഞ്ഞുമ്മൽ ബോയ്‌സ്. ഇരുനൂറ് കോടി ക്ലബിൽ കയറുന്ന ആദ്യ മലയാള ചിത്രമെന്ന് ഖ്യാതിനേടി അന്യഭാഷകളിലും തരംഗമായി മാറിയ മഞ്ഞുമ്മൽ ബോയ്‌സിന്റെ വിധി പക്ഷേ, കോടി ക്ലബിൽനിന്ന് നേരെ കോടതി കയറാനായിരുന്നു.
സിനിമയുടെ നിർമാതാക്കൾക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച് അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദ് പരാതിയുമായി രംഗത്തുവന്നതോടെയാണ് ചിത്രം വീണ്ടും വാർത്തകളിൽ നിറയുന്നത്. സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് പ്രതികൾ ഏഴുകോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചുവെന്നുമാണ് സിറാജിന്റെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ.
2024 ഫെബ്രുവരിയിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രം പുറത്തിറങ്ങിയ ശേഷം വിചാരിച്ചതിനേക്കാൾ വലിയ വിജയം ഉണ്ടാവുകയും സാമ്പത്തികലാഭം ലഭിക്കുകയും ചെയ്തു. എന്നാൽ, സിനിമയുടെ നിർമാണത്തിനായി പ്രതികൾ സ്വന്തമായി പണം മുടക്കിയിട്ടില്ല, പകരം ഏഴുകോടി രൂപ സിറാജിന്റെ കൈയിൽനിന്ന് വാങ്ങിയാണ് ഉപയോഗിച്ചതെന്നാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആയിരം പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്. സിനിമയുടെ നിർമാതാക്കൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്. ചിത്രം വൻ വിജയമായതിന് ശേഷം സൗബിനും പിതാവും നിർമാതാവുമായ ബാബു ഷാഹിറും മുടക്കുമുതലോ മറ്റേതെങ്കിലും തരത്തിലുള്ള ലാഭവിഹിതമോ ഒന്നുതന്നെ നൽകിയില്ലെന്ന് സിറാജിന്റെ പരാതിയിൽ പറയുന്നുണ്ട്.
വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്നും വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ടെന്നും ആയിരുന്നു പ്രതികളുടെ വാദം. പിന്നീട്, ഇത്തരത്തിൽ ഒരു പണമിടപാട് നടത്തിയിട്ടേയില്ല എന്ന നിലപാടാണ് പ്രതികൾ സ്വീകരിച്ചത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബു ഷാഹിർ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നെങ്കിലും കോടതി ഈ കേസ് തള്ളിക്കളയുകയായിരുന്നു. വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. വഞ്ചിക്കണം എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ചിദംബരം സംവിധാനംചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് 'ഗുണാ കേവ്‌സും' അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. കൊച്ചി മഞ്ഞുമ്മലിൽനിന്ന് കൊടൈക്കനാലിലെ ഗുണ കേവിലേക്ക് ടൂർ പോകുന്ന കൂട്ടുകാരുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്‌സ്. 4.5 കോടി മുടക്കുമുതലിലാണ് ചിത്രത്തിനായി പെരുമ്പാവൂരിൽ ഗുണ കേവ് സെറ്റ് ഒരുക്കിയത്. കമൽ ഹാസൻ ചിത്രം ഗുണയ്ക്കുള്ള ട്രിബ്യൂട്ടും സിനിമയിൽ കൺമണി അൻപോട് എന്ന ഗാനം ഉപയോഗിച്ചതുമെല്ലാം തമിഴ്‌നാട്ടിലും വലിയ തരംഗം തീർത്തിരുന്നു.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മഞ്ഞുമ്മൽ ബോയ്‌സ്' കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രീകരിച്ചത്.
Content Highlights: Investigation team filed a 1000-page charge sheet against Manjummel Boys producers., Producers accused of failing to pay 40% profit share and investment returns to investor Siraj.