ഈ ക്ലിക്കുകള്‍ക്ക് നന്ദി ലാലേട്ടാ,നിങ്ങള്‍ ഞങ്ങളുടെ സ്വന്തം! മോഹന്‍ലാല്‍ എടുത്ത ചിത്രങ്ങളുമായി മഞ്ജു

പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ലൂസിഫറിന്റെ രണ്ടാംഭാഗം എമ്പുരാനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള തിരക്കുകൾക്കുശേഷം കേരളത്തിലേക്ക് തിരിച്ചിരിക്കുകയാണ് പൃഥ്വിരാജും ചിത്രത്തിലെ അഭിനേതാക്കളായ മോഹൻ ലാലും മഞ്ജു വാര്യരും ടൊവിനോ തോമസുമെല്ലാം. ഇപ്പോഴിതാ യാത്രയ്ക്കിടെ മോഹൻലാൽ പകർത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
'ഈ ക്ലിക്കുകള്‍ക്ക് നന്ദി ലാലേട്ടാ, നിങ്ങള്‍ ഞങ്ങളുടെ സ്വന്തമാണ്!'- എന്ന ക്യാപ്ഷനോടെയാണ് മഞ്ജു മോഹന്‍ലാല്‍ പകർത്തിയ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വിമാനത്തില്‍ ഇരിക്കുന്ന മഞ്ജുവാര്യരുടെ രണ്ട് പടങ്ങളാണ് മോഹന്‍ലാല്‍ പകര്‍ത്തിയത്. മഞ്ജുവിന്റെ രണ്ട് വ്യത്യസ്തഭാവങ്ങള്‍ കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുമാണ് മോഹന്‍ലാല്‍ പകര്‍ത്തിയിരിക്കുന്നത്. കളര്‍ഫോട്ടോയില്‍ പ്രസരിപ്പോടെ തുറന്നുപുഞ്ചിരിക്കുന്ന മഞ്ജുവാണെങ്കില്‍ വിദൂരതയിലേക്ക് നോക്കിയിരുന്ന് ചിന്താമഗ്നയായ മഞ്ജുവിനെയാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ മോഹന്‍ലാല്‍ പകര്‍ത്തിയിരിക്കുന്നത്.
എമ്പുരാൻ പ്രമോഷന് ശേഷം കേരളത്തിലേക്ക് ചാർട്ടേഡ് വിമാനത്തിൽ വരുമ്പോളാണ് മോഹൻലാൽ ഈ ചിത്രങ്ങൾ പകർത്തിയത്. വിമാനത്തിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങളും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
മാര്‍ച്ച് 27-നാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ബിഗ് ബജറ്റ് സിനിമയായ എമ്പുരാന്‍ റിലീസിനെത്തുന്നത്. മുരളിഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയായ എമ്പുരാനില്‍ പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.
Content Highlights: manju warrier shares her photos taken by mohnalal empuran promos