കലാജീവിതത്തിൽ 51 വർഷം, നാടകവേദിയുടെ പഴയകാല ഓർമകൾ പങ്കുവെച്ച് മണിയൻപിള്ള രാജു

#മൂവി ഡെസ്ക്
നടനും നിർമാതാവുമായ മണിയൻപിള്ള രാജു സംസ്കാരസാഹിതി സുകുമാർ പുരസ്കാരം മന്ത്രി ടി. സിദ്ദിഖിൽനിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: അറേഞ്ച്ഡ്
നടനും നിർമാതാവുമായ മണിയൻപിള്ള രാജു സംസ്കാരസാഹിതി സുകുമാർ പുരസ്കാരം മന്ത്രി ടി. സിദ്ദിഖിൽനിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: അറേഞ്ച്ഡ്

തിരുവനന്തപുരം: സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിൽ നടൻ മണിയൻപിള്ള രാജുവിന് സുകുമാർ പുരസ്കാരം സമ്മാനിച്ചു. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖും നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും ചേർന്നാണ് പുരസ്കാരം നൽകിയത്. മലയാള സിനിമയ്ക്കും നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ചുള്ള ആദരം ഏറ്റുവാങ്ങിയ മണിയൻപിള്ള രാജു, നാടകവേദിയിലെ പഴയകാല അനുഭവങ്ങളും സിനിമാജീവിതത്തിലെ രസകരമായ ഓർമകളും സദസ്സുമായി പങ്കുവെച്ചു.

സ്കൂൾകാലം മുതൽ നാടകങ്ങൾ കാണാൻ വലിയ താൽപര്യമുണ്ടായിരുന്നുവെന്നും തിരുവനന്തപുരം നഗരത്തിലെ പഴയകാല നാടകവേദികളുമായുള്ള ബന്ധം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണ്ടത്തെ കാലത്ത് നാടകങ്ങൾ കാണാൻ വലിയ ആവേശമായിരുന്നുവെന്നും അഭിനയിക്കുന്നതിനൊപ്പം നാടകങ്ങൾ ആസ്വദിക്കാനും സമയം കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. പിന്നീട് ട്രിവാൻഡ്രം സിറ്റി എന്ന ഹാസ്യനാടകവുമായി ഇതേ വേദിയിൽ അഭിനയിക്കാനായതും അദ്ദേഹം ഓർത്തെടുത്തു. നാടകവേദിയുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ചുള്ള ഓർമകൾ സദസ്സിൽ ഗൃഹാതുരത്വമുണർത്തി.

1975-ൽ സിനിമാരംഗത്തേക്ക് കടന്നുവന്ന തന്റെ കലാജീവിതം 2026-ൽ 51 വർഷം പിന്നിടുകയാണെന്ന് മണിയൻപിള്ള രാജു പറഞ്ഞു. സിനിമാജീവിതത്തെക്കുറിച്ച് വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില വിവരങ്ങൾ തെറ്റാണെന്നും തന്റെ സിനിമകളെയും അഭിനയജീവിതത്തെയും സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയകാല സാഹിത്യപ്രസിദ്ധീകരണങ്ങളിലെ നർമരചനകളും അവയുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. മലയാളനാട് പോലുള്ള പ്രസിദ്ധീകരണങ്ങളിലെ നർമരചനകൾ വായിച്ചും ആസ്വദിച്ചും മനസ്സിൽ സൂക്ഷിച്ച അനുഭവങ്ങൾ വിവരിച്ചപ്പോൾ സദസ്സിൽ ചിരി പടർന്നു. നടനും എംഎൽഎയുമായ രമേശ് പിഷാരടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പങ്കുവെച്ച അനുഭവങ്ങളും ശ്രദ്ധേയമായി. പിഷാരടിയുടെ നർമബോധത്തെയും സിനിമയോടുള്ള സമീപനത്തെയും അദ്ദേഹം പ്രശംസിച്ചു.

നാടകകലയെ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും ഒരുമിപ്പിക്കുകയും ചെയ്യുന്ന സംരംഭങ്ങൾ കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. നാടകത്തോടുള്ള യുവതലമുറയുടെ താൽപര്യം പ്രതീക്ഷ നൽകുന്നതാണെന്നും നാടകപ്രവർത്തകരെ ഒരുമിപ്പിക്കുന്ന ഇത്തരം സാംസ്കാരിക സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാടകത്തോടുള്ള താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് എംഎൽഎ പി. കെ. ഫിറോസ് നടത്തിയ സംഭാഷണത്തെക്കുറിച്ചും മന്ത്രി പരാമർശിച്ചു. നാടകപ്രവർത്തകരെ ഒരുമിപ്പിക്കുന്നതിലും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിലും പയ്യന്നൂർ മുരളി വഹിക്കുന്ന പങ്കും അദ്ദേഹം അനുസ്മരിച്ചു.

മലയാള സിനിമയ്ക്കും നാടകത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ മണിയൻപിള്ള രാജുവിനെ ആദരിക്കാനായത് അഭിമാനകരമാണെന്ന് എംഎൽഎ സി. ആർ. മഹേഷ് പറഞ്ഞു. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് മണിയൻപിള്ള രാജുവെന്നും ഈ ആദരം അദ്ദേഹത്തിന്റെ കലാജീവിതത്തിന് കൂടുതൽ കരുത്തും പ്രചോദനവും പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

നടൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന രമേശ് പിഷാരടിയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പരാമർശിച്ചു. രാഷ്ട്രീയരംഗത്തെ വെല്ലുവിളികളെ അതിജീവിച്ച് വ്യക്തിത്വവും നിലപാടുകളും ഉയർത്തിപ്പിടിക്കുന്ന ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനെയും അഭിനന്ദിച്ചു. നിയമസഭയിലെ ഇടപെടലുകൾക്കൊപ്പം എഴുത്തിലും ശ്രദ്ധേയമായ സാന്നിധ്യമാകുന്ന അവർ, ഓർമകളും യാത്രകളും എന്ന പുസ്തകത്തിലൂടെ എഴുത്തുകാരി എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ സി. ആർ. മഹേഷ്, രമേശ് പിഷാരടി, പി. കെ. ഫിറോസ്, നടൻ മണിയൻപിള്ള രാജു എന്നിവരെ കൂടാതെ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, പൂഴനാട് ഗോപൻ, ജോബി, പയ്യന്നൂർ മുരളി തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Veteran actor Maniyanpilla Raju was honored with the Sukumar Award at the State Professional Drama Festival in Thiruvananthapuram, where he reflected on his 51-year career in cinema and pointed out inaccuracies in his Wikipedia profile.