ആ ഫോട്ടോഷൂട്ട് ഒമ്പതിൽ പഠിക്കുമ്പോൾ, ലൈംഗികതയെക്കുറിച്ച് അന്ന് അറിയില്ലായിരുന്നു- മമത കുൽക്കർണി

മമത കുല്‍കര്‍ണിയുടെ പഴയകാലചിത്രവും സന്യാസം സ്വീകരിച്ച ശേഷമുള്ള ചിത്രവും | Photo: Instagram/mamtakulkarniofficial
മമത കുല്‍കര്‍ണിയുടെ പഴയകാലചിത്രവും സന്യാസം സ്വീകരിച്ച ശേഷമുള്ള ചിത്രവും | Photo: Instagram/mamtakulkarniofficial

ബോളിവുഡ് ഗ്ലാമറസ് താരം മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ നടി തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, താൻ 90-കളിൽ അഭിനയിച്ച ഒരു ഐറ്റം ​ഗാനത്തേയും വിവാദമായ അർധന​ഗ്ന ഫോട്ടോഷൂട്ടിനെക്കുറിച്ചും തുറന്നുപറയുകയാണ് മമത. 

''അന്ന് ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. സ്റ്റാർഡസ്റ്റുകാർ എനിക്ക് ഡെമി മൂറിന്റെ ഒരു ചിത്രം കാണിച്ചുതന്നു. അത് അശ്ലീലമായി തോന്നിയിരുന്നില്ല. അന്നത്തെ കാലത്ത് ബോളിവുഡിൽ കയറുന്നതിന് ചിലർ എന്തുംചെയ്യുന്ന കാലമാണ്. എനിക്ക് ലൈം​ഗികതയെ കുറിച്ച് ഒന്നും അറിയായിരുന്നില്ല. നിങ്ങൾക്ക് ലൈം​ഗികതയെ കുറിച്ച് അറിവില്ലെങ്കിൽ ന​ഗ്നതയെ ഒരിക്കലും അശ്ലീലവുമായി ബന്ധപ്പെടുത്തില്ല''. 

സണ്ണി ഡിയോളിനൊപ്പം ഒരു ഐറ്റം ​ഗാനത്തിൽ അഭിനയിച്ചതിനെക്കുറിച്ചും മമത വെളിപ്പെടുത്തി. ''അത് ചെയ്യണമെന്ന് സംവിധായകൻ രാജ് കുമാർ സന്തോഷി അഭ്യർഥിച്ചു. നായിക മീനാക്ഷി ശേഷാദ്രി വിവാഹിതയായതിനാൽ സിനിമ ഏറ്റെടുക്കുന്നതിന് ആളെ കിട്ടാനില്ലായിരുന്നു. ഏഴ് വർഷത്തോളം ചിത്രം പുറത്തിറക്കാൻ സാധിക്കാതെ മുടങ്ങി. ഒരു സ്റ്റേജ് ഷോ ചെയ്യുന്നതുപോലെ ആ ഡാൻസ് നമ്പർ ചെയ്തു'', മമത കൂട്ടിച്ചേർത്തു. 

തൊണ്ണൂറുകളിൽ ബോളിവുഡിൽ നിറഞ്ഞു നിന്ന താരമാണ് മമത കുൽകർണി. രണ്ടായിരത്തിന്റെ തുടക്കം വരെ ബോളിവുഡിൽ സജീവമായിരുന്നു. മലയാള ചിത്രം ചന്ദാമാമയിലും വേഷമിട്ടിട്ടുണ്ട്. വിവാഹത്തോടെ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2016-ൽ താനെയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മമത കുൽകർണിയും ഭർത്താവും അറസ്റ്റിലായതോടെയാണ് താരം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. 2000 കോടിയുടെ ലഹരിമരുന്ന് കേസിലാണ് ഇവരെ അന്ന് അറസ്റ്റ് ചെയ്തത്.

Content Highlights: Mamta Kulkarni reveals details about her past item song, controversial photoshoot