ഈ പുരസ്കാരം മലയാളിക്കാകെയുള്ളത്, അവരുടെ സ്വന്തം മമ്മൂട്ടിക്കുള്ളത്; മലയാളിയുടെ അഭിനയഭ്രമയുഗം

കൊച്ചി: ഒരുവട്ടംകൂടി മമ്മൂട്ടി രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരമേന്തുന്നു. മലയാളിയുടെ മനസ്സിന്റെ അഭിനയഭ്രമയുഗം മമ്മൂട്ടിയായിമാറുന്നു. ദേശീയ പുരസ്കാരം കിട്ടാതെപോയ കഴിഞ്ഞ 27 വർഷവും മമ്മൂട്ടി മികച്ച നടൻതന്നെയായിരുന്നു. എങ്കിലും ഈ പുരസ്കാരം മലയാളിക്കാകെയുള്ളതാണ്. അവരുടെ സ്വന്തം മമ്മൂട്ടിക്കുള്ളതാണ്.
'കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്...' -ഭ്രമയുഗം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസ്ഥാന ചലച്ചിത്ര ജൂറി കുറിച്ച വരികൾ. ഇപ്പോൾ ഇതേ വാചകങ്ങൾ കൂടുതൽ സത്യമാവുന്നു.
1981-ൽ അഹിംസ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരംമുതൽ 'ഭ്രമയുഗ'ത്തിലെ ദേശീയ പുരസ്കാരംവരെയായി തുടരുന്ന സ്വപ്നസഞ്ചാരം. പഴയതലമുറയ്ക്ക് മഹാനടനും പുതുതലമുറയ്ക്ക് പരീക്ഷണചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡറുമാണ് മമ്മൂട്ടി.
താൻ ഒരു ഇൻബോൺ ആക്ടർ അല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന മമ്മൂട്ടി സിനിമ എന്ന പൂർണതയ്ക്കായി നടത്തുന്ന പ്രയത്നം അപാരമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യപത്രമായിരുന്നു 'ഭ്രമയുഗം'. രാഹുൽ സദാശിവൻ ബ്ലാക്കിലും വൈറ്റിലുമായി അണിയിച്ചൊരുക്കിയ 'ഭ്രമയുഗ'ത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി നമ്മളെ ആവോളം ഭ്രമിപ്പിച്ചു. താരതമ്യങ്ങളില്ലാത്ത പരകായപ്രവേശം.
1989-ൽ ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നീ ചിത്രങ്ങളിലൂടെ ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടി നാലുവർഷത്തിനുശേഷം വിധേയൻ, പൊന്തൻമാട എന്നീ ചിത്രങ്ങളിലൂടെ വീണ്ടും അതേ പുരസ്കാരത്തിലെത്തി. 1999-ൽ ഡോ. ബാബാ സാഹേബ് അംബേദ്കറിലെ അഭിനയത്തിനും മികച്ച നടനായി അംഗീകരിക്കപ്പെട്ടു. വലിയൊരു ഇടവേളയ്ക്കുശേഷമാണ് ദേശീയപുരസ്കാരം വീണ്ടുമെത്തുന്നത്.
400-ഓളം സിനിമകൾ മാറ്റുരച്ച ദേശീയ ചലച്ചിത്ര പുരസ്കാരവേദിയിൽ മമ്മൂട്ടി വീണ്ടും നടനസിംഹാസനത്തിൽ അവരോധിക്കപ്പെടുന്നതു വെറുതേയല്ല. സിനിമയ്ക്കായുള്ള സ്വയംസമർപ്പണംതന്നെയാണ് കാരണം. സമീപകാലത്ത് പേരൻപ്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലൂടെ രണ്ടുതവണ മമ്മൂട്ടി ഇതേ പുരസ്കാരത്തിന് തൊട്ടരികിലെത്തിയിരുന്നു.
എന്നാൽ, ആ കഥാപാത്രങ്ങളായപ്പോഴുള്ളതിനെക്കാൾ സ്വയം തേച്ചുമിനുക്കിയാണ് മമ്മൂട്ടി കൊടുമൺ പോറ്റിയും ചാത്തനുമായത്. മലയാളിയുടെ ഏതു ഭ്രമത്തിനും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്. അതിലേതു മികച്ചെതെന്നതിന് ഈ വർഷം കിട്ടിയ ഉത്തരമാണ് ദേശീയപുരസ്കാരം.
Content Highlights: Mammootty wins National Award for his dual role in the film Bramayugam., The jury praised his performance as Kodumon Potti and Chathan., Reflects on his legendary career trajectory from 1981 to 2026., Highlights his evolution from a traditional actor to a brand ambassador for experimental cinema.