ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ച് മമ്മൂട്ടി; സുൽഫത്തിനൊപ്പം ചിത്രങ്ങൾ

ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് അദ്ദേഹം കെവാഡിയയിലെ ഏകതാ പ്രതിമ കാണാനെത്തിയത്. നിർമാതാക്കളായ എസ്. ജോർജ്, ആന്റോ ജോസഫ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച നടന്ന ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങാനാണ് മമ്മൂട്ടി ഗുജറാത്തിലെത്തിയത്. കെവാഡിയയിലെ ഏകതാനഗറിലായിരുന്നു പുരസ്‌കാര വിതരണച്ചടങ്ങ്. രാജ്യതലസ്ഥാനത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ പുരസ്‌കാര വിതരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണ ചടങ്ങ് ഗുജറാത്തിലാക്കിയത്.
പുരസ്‌കാര വിതരണച്ചടങ്ങിൽ മമ്മൂട്ടിക്ക് വൻവരവേൽപ്പാണ് ലഭിച്ചത്. ചടങ്ങിനിടെ സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചത് മമ്മൂട്ടിക്കും ഫാൽക്കെ അവാർഡ് ജേതാവ് അനന്ത് നാഗിനും ഗായിക വൈക്കം വിജയലക്ഷ്മിക്കും വേണ്ടി മാത്രമായിരുന്നു.
ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയുടെ ചാരെ, മമ്മൂട്ടിയെന്ന മഹാനടനിലൂടെ മലയാളം വീണ്ടും മാനത്തോളം തലയുയർത്തി. നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച സർദാർ പട്ടേലിന്റെ നാമത്തിലുള്ള നഗരിയിലെ പ്രൗഢമായ ചടങ്ങിൽ വെള്ളിത്തിരയിലൂടെ കേരളീയരെ കോർത്തിണക്കിയ പ്രതിഭകൾ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഏറ്റുവാങ്ങി.
മമ്മൂട്ടി മികച്ച നടനുള്ള നാലാമത് ദേശീയ അവാർഡുമായി കളംപിടിച്ചു. ഇതുവരെ കൂടുതൽ അവാർഡുകൾ വാങ്ങിയ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനൊപ്പമെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ. കൊടുമൺ പോറ്റിയും ചാത്തനുമായി ഭ്രമയുഗത്തിലെ വേഷപ്പകർച്ച തിരശ്ശീലയിൽ തെളിഞ്ഞപ്പോൾ വേദിയിലേക്ക് കയറിയ മമ്മൂട്ടിയെ സദസ്സ് എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി വരവേറ്റു. പിന്നീട് പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മമ്മൂട്ടിക്ക് പദ്മഭൂഷൺ താൻ സമ്മാനിച്ച കാര്യവും ഓർമിച്ചു.
Content Highlights: Actor Mammootty visited the Statue of Unity in Kevadia, Gujarat, alongside his wife Sulfath and close friends. Producers Anto Joseph and S. George were also part of the group visiting the iconic monument. The visit took place in Gujarat, where the National Film Awards ceremony was hosted outside the national capital. Mammootty received his fourth National Film Award for Best Actor for his performance in Bramayugam from President Droupadi Murmu. The actor now ties with Bollywood legend Amitabh Bachchan for the highest number of Best Actor National Awards.