സംസാരിക്കാന്‍ അറിയില്ലെങ്കിലും നന്നായി അഭിനയിക്കാനറിയാം, വാത്സല്യം തോന്നുന്ന കുസൃതിക്കാരനാണ് വിനായകന്‍- മമ്മൂട്ടി

#Movies Desk
മമ്മൂട്ടിയും വിനായകനും | Photo: Screen grab/ Mammootty Kampany
മമ്മൂട്ടിയും വിനായകനും | Photo: Screen grab/ Mammootty Kampany

'കളങ്കാവലി'ല്‍ വിനായകനാണ് നായകനെന്ന് മമ്മൂട്ടി. ജിതിന്‍ കെ. ജോസ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ പ്രീ- റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ചിത്രത്തില്‍ പ്രതിനായകനാണെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ വേദിയിലേക്ക് വിളിച്ചപ്പോള്‍ സംസാരിക്കാന്‍ അറിയില്ലെന്ന് വിനായകന്‍ പറഞ്ഞു. സംസാരിക്കാന്‍ അറിയില്ലെങ്കിലും നന്നായിട്ട് അഭിനയിക്കാന്‍ അറിയാമെന്ന് മമ്മൂട്ടി ഇടപെട്ട് പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യം തനിക്കോ മറ്റാര്‍ക്കെങ്കിലുമോ ഇനിയുണ്ടാവില്ലെന്നായിരുന്നു വിനായകന്റെ മറുപടി.

'ക്ലാസില്‍ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാവും. പക്ഷേ, കുസൃതി കാണിക്കുന്നവരോട് ഒരു വാത്സല്യം തോന്നും. അങ്ങനെയൊരു കുസൃതിക്കാരനാണ് വിനായകന്‍. വിനായകന്‍ ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമ കാണുമ്പോള്‍ തോന്നിപ്പോവും. ഇത് നമ്മള്‍ അല്ലാതെ കാണുന്ന വിനായകനല്ലല്ലോ എന്ന് തോന്നിപ്പോവും. അല്ലാതെ കാണുന്ന വിനായകനും ഇതിനേക്കാള്‍ നല്ലതാണ്. അത് ശരിക്ക് കാണാഞ്ഞിട്ടാണ്', മമ്മൂട്ടി പറഞ്ഞു.

'വിനായകനിലെ, നായകന്‍ മാത്രമാണ് പോസ്റ്ററില്‍ എടുത്തുനില്‍ക്കുന്നത്. വിനായകനാണ് നായകന്‍, അപ്പോഴാണ് വി എടുത്ത് കളഞ്ഞത്. കിട്ടുന്ന ചാന്‍സിലൊക്കെയല്ലേ പറ്റുള്ളൂ. എന്റെ പേര് എഴുതുമ്പോള്‍ അങ്ങനെ വെക്കാന്‍ പറ്റില്ല. മ, മ്മൂട്ടി എന്ന് എഴുതാന്‍ പറ്റുമോ? വിനായകന്‍ ആയതുകൊണ്ടുമാത്രമാണ് പറ്റുന്നത്', തമാശരൂപേണ അദ്ദേഹം പറഞ്ഞു.

'കുറേ കാലത്തിന് ശേഷം എന്റെ സിനിമ ഇറങ്ങുകയാണ്. വളരേ ആഗ്രഹിച്ച് ചെയ്യുന്ന സിനിമകളാണ് ഞങ്ങളുടെ എല്ലാ പ്രൊഡക്ഷനും. ഇനിയും ഒരുപാട് നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഓരോ സിനിമയും സന്തോഷത്തോടെ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ സമാധാനമുണ്ട്. ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കും, അതിന് പ്രേക്ഷകരുടെ പിന്തുണയുണ്ടാവുമെന്ന് ഒരു ആത്മവിശ്വാസം. ഇതൊരു പരീക്ഷണസിനിമയെന്നല്ല ഞാന്‍ പറയുന്നത്. സിനിമകള്‍ എല്ലാം പരീക്ഷണങ്ങള്‍ തന്നെയാണ്. പരീക്ഷണങ്ങളില്ലാത്ത ഒരു സിനിമയും ഇവിടെ ഇറങ്ങുന്നില്ല. പത്തുകോടിയുടേത് ആയാലും നൂറുകോടിയുടേത് ആയാലും എല്ലാം പരീക്ഷണങ്ങളാണ്. വിജയിക്കുന്നതുവരെ അത് പരീക്ഷണമാണ്', മമ്മൂട്ടി അഭിപ്രായപ്പെട്ടു.

'കളങ്കാവലില്‍ എന്നെ സംബന്ധിച്ച് സിനിമയല്ല, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ ഒരുപക്ഷേ നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ വലിയ ബുദ്ധിമുട്ട് കാണും. പക്ഷേ, സിനിമകണ്ടിറങ്ങുമ്പോള്‍ കഥാപാത്രത്തെ തിയേറ്ററില്‍ ഉപേക്ഷിച്ച് പോവാന്‍ പറ്റില്ല. സിനിമയില്‍ ആദ്യം എനിക്ക് ഓഫര്‍ ചെയ്തത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. അത് എന്നേക്കാള്‍ കുറച്ചുകൂടെ നന്നായി ചെയ്യാന്‍ വിനായകനാണ് നല്ലത് എന്നെനിക്ക് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ പുള്ളിക്കാരന് വിശ്വാസമായില്ല. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും ഇട്ടിരിക്കുന്നത്. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്', അദ്ദേഹം പറഞ്ഞു.

'ഇത്രയും കാലം എന്റെ എല്ലാ സിനിമാ കസറത്തുകളും സ്വീകരിച്ച പ്രേക്ഷകരെ വിശ്വസിച്ച് തന്നെയാണ് ഇങ്ങനെയൊരു കഥാപാത്രം ഏറ്റെടുക്കാന്‍ ധൈര്യപ്പെട്ടത്. എന്റെ ആത്മവിശ്വാത്തിന് നിങ്ങള്‍ കൂട്ടുനില്‍ക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷമായി നിങ്ങളെ വിശ്വസിച്ച് മാത്രമാണ്, നിങ്ങളെ രസിപ്പിച്ചുമാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്. ഇനിയങ്ങോട്ട് അതിനുള്ള അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Mammootty on Vinayakan: "A Mischievous Soul I Feel Affection For"