‘അത് മമ്മൂട്ടി സാറല്ലേ, ഞാൻ രുക്മിണിയാണ്’; പുതുതലമുറ അഭിനേതാക്കൾക്കിടയിൽ ചർച്ചയായി ‘കളങ്കാവൽ’

പുതുതലമുറ അഭിനേതാക്കളുടെ റൗണ്ട് ടേബിളില്‍ ചര്‍ച്ചയായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ 'കളങ്കാവലി'ലെ കഥാപാത്രവും. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ 2025-ലെ ആക്ടേഴ്‌സ് റൗണ്ട് ടേബിളിലായിരുന്നു മമ്മൂട്ടി ചര്‍ച്ചാവിഷയമായത്. 'ബൈസണ്‍- കാളമാടന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും തമിഴ് സൂപ്പര്‍താരം വിക്രത്തിന്റെ മകനുമായ ധ്രുവ് വിക്രമാണ് 'കളങ്കാവല്‍' ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ധ്രുവിന് പുറമേ, ഇഷാന്‍ ഖട്ടര്‍, കൃതി സനോണ്‍, രുക്മിണി വസന്ത്, വിക്കി കൗശല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ് എന്നിവരായിരുന്നു റൗണ്ട് ടേബിളിലെ മറ്റ് അഭിനേതാക്കള്‍.
ഒടുവില്‍ തിയേറ്ററില്‍ കണ്ട ചിത്രമേതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധ്രുവ് വിക്രം. മമ്മൂട്ടിയുടെ 'കളങ്കാവല്‍' എന്നായിരുന്നു മറുപടി. ചിത്രത്തിലെ മമ്മൂട്ടിയെക്കുറിച്ച് ധ്രുവ് വാചാലനായി. സൂപ്പര്‍സ്റ്റാര്‍ പദവിയിലുള്ള അദ്ദേഹത്തെപ്പോലൊരാള്‍ എങ്ങനെയൊരു സീരിയല്‍ കില്ലര്‍ കഥാപാത്രംചെയ്തുവെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ധ്രുവ് പറഞ്ഞു. പലരും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറാവാറില്ല. അദ്ദേഹം അത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് കാണാന്‍ തന്നെ കൗതുകകരമാണെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു.
പിന്നാലെ, തന്നെ മനസില്‍ കണ്ട് കഥയെഴുതരുത് എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ കല്യാണി ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. തുടര്‍ന്ന് ചിത്രത്തില്‍ സീരിയല്‍ കില്ലര്‍ കഥാപാത്രമായിരുന്നില്ല മമ്മൂട്ടിക്കുവേണ്ടി കരുതിയിരുന്നതെന്ന് ബേസില്‍ ഓര്‍മിപ്പിച്ചു. നെഗറ്റീവ് റോള്‍ താന്‍ ചെയ്യാമെന്നും നായകവേഷം വിനായകന് നല്‍കാമെന്നും മമ്മൂട്ടി പറഞ്ഞ കാര്യവും ബേസില്‍ പറഞ്ഞു. ഒരു സൂപ്പര്‍സ്റ്റാര്‍ ഒരിക്കലും അത്തരം കഥാപാത്രം ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഇടപെട്ട ഇഷാന്‍ ഖട്ടര്‍, ഇപ്പോള്‍ നിങ്ങള്‍ക്ക് നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ ആത്മവിശ്വാസം തോന്നുന്നുണ്ടോയെന്ന് രുക്മിണി വസന്തിനോട് ചോദിച്ചു. നേരത്തെ, 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്ണി'ലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവെ, നെഗറ്റീവ് വേഷം ചെയ്യാന്‍ തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് രുക്മിണി പറഞ്ഞിരുന്നു. ഇത് ഓര്‍മിപ്പിച്ചായിരുന്നു ഇഷാന്‍ ഖട്ടറുടെ ചോദ്യം. എന്നാല്‍, 'അത് മമ്മൂട്ടി സാറാണ്. ഞാന്‍ രുക്മിണിയാണ്', എന്നായിരുന്നു നടിയുടെ മറുപടി.
Content Highlights: Mammootty`s powerful performance in `Kalamkaval` sparks discussion among new-generation actors at The Hollywood Reporter India`s round table