ദി കിങ് ഈസ് ബാക്ക്; എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തി

മമ്മൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്നു.
മമ്മൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്നു.

മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മമ്മൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. വെല്‍ക്കം ബാക്ക് മമ്മൂക്ക എന്ന ആരാധകരുടെ ആശംസയ്ക്ക് നന്ദി എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഹേഷ് നാരായണന്റെ ചിത്രം പാട്രിയറ്റിന്റെ ചിത്രീകരണത്തിന് യു.കെ.യിലായിരുന്ന മമ്മൂട്ടി ചെന്നൈ വഴിയാണ് കൊച്ചിയിലെത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിയ മമ്മൂട്ടി തന്റെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവി ഡ്രൈവ് ചെയ്താണ് വീട്ടിലേക്ക് മടങ്ങിയത്. മമ്മൂട്ടിയുടെ ഭാര്യ, നിര്‍മാതാവ് ആന്റോ ജോസഫ്, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേയ്ക്ക് പോയി.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിലെ അതിഥികളുടെ പട്ടികയില്‍ മമ്മൂട്ടിയുമുണ്ട്.

ഹൈദരാബാദിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ ഹൃദ്യമായൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതിലേക്ക് മടങ്ങിയെത്തുകയാണ്. ഇക്കാലയളവില്‍ എന്നെ കുറിച്ച് അന്വേഷിച്ച എല്ലാവരോടും നന്ദി പറയാന്‍ വാക്കുകള്‍ മതിയാകില്ല. ക്യാമറ വിളിക്കുന്നു...'-ഇതായിരുന്നു പോസ്റ്റ്.

പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്തത്. കഴിഞ്ഞമാസമാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

Content Highlights: Megastar Mammootty has returned to Kochi, Kerala after an eight-month hiatus due to health reasons. Fans rejoice as the beloved actor is back!