'സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ'; മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടി, മേഘനാഥന്‍, മോഹന്‍ലാല്‍ | Photo: Mathrubhumi
മമ്മൂട്ടി, മേഘനാഥന്‍, മോഹന്‍ലാല്‍ | Photo: Mathrubhumi

നടന്‍ മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹന്‍ലാല്‍ സ്മരിച്ചു. മേഘനാഥന് ആദരാഞ്ജലികള്‍ എന്ന് അദ്ദേഹത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പ്രിയപ്പെട്ട മേഘനാഥന്‍ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥന്‍. പഞ്ചാഗ്‌നി, ചെങ്കോല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ  വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍', മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലെഴുതി.

ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മേഘനാഥന്റെ അന്ത്യം. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സംസ്‌കാരം ഷൊര്‍ണൂരിലുള്ള വീട്ടില്‍ നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

Content Highlights: Malayalam actors Mammootty and Mohanlal condole the death of actor Meghanadhan