'പതിനഞ്ചുകാരനായ ഞാന്‍ സാറിനെയിരുത്തി വള്ളം തുഴഞ്ഞിട്ടുണ്ട്'; തന്റെ സൂപ്പര്‍സ്റ്റാറിനെ കാണാനെത്തി മമ്മൂട്ടി

തിരുവനന്തപുരത്തെ വസതിയിൽ മധുവിനെ കാണാൻ മമ്മൂട്ടി എത്തിയപ്പോൾ. മധുവിന്റെ മകൾ ഉമ സമീപം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരത്തെ വസതിയിൽ മധുവിനെ കാണാൻ മമ്മൂട്ടി എത്തിയപ്പോൾ. മധുവിന്റെ മകൾ ഉമ സമീപം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കടവിലേക്കടുക്കുന്ന ആ പഴയ വള്ളംപോലെ മമ്മൂട്ടിയുടെ കാർ മധുവിന്റെ വീട്ടുമുറ്റത്തേക്കു വന്നു; ഓർമ്മകളുടെ മധുരച്ചുമടുമായി. ശനിയാഴ്ച ഉച്ചയ്ക്കാണ് മമ്മൂട്ടി തന്റെ സൂപ്പർ സ്റ്റാറായ നടൻ മധുവിനെ കാണാൻ കണ്ണമ്മൂലയിലെ ശിവഭവനത്തിലെത്തിയത്. ദീർഘനാളിനുശേഷമുള്ള കൂടിക്കാഴ്ചയിൽ ഇരുവരും പഴയ കാലത്തേക്കാണു തുഴയെറിഞ്ഞത്.

‘മധു സാർ ഓർക്കുന്നുണ്ടാകാൻ വഴിയില്ല, പതിനഞ്ചുകാരനായ ഞാൻ സാറിനെയിരുത്തി വള്ളം തുഴഞ്ഞിട്ടുണ്ട്’ -മമ്മൂട്ടി വിവരിച്ചു. ‘അറുപതുവർഷം മുൻപാണ്. എന്റെ നാടായ ചെമ്പിനടുത്ത് മുറിഞ്ഞപുഴയിൽ ‘കാട്ടുപൂക്കൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ആദ്യമായി മധു സാറിനെ കാണുന്നത്. ഷൂട്ടിങ് കാണാനുള്ള കൊതികൊണ്ട്, ബാപ്പയറിയാതെ ഒരു കൂട്ടുകാരനൊപ്പം വള്ളംതുഴഞ്ഞ് കടവിലെത്തി. ഒരു സ്വപ്നംപോലെ, അവിചാരിതമായി മധു സാർ ഞങ്ങളുടെ വള്ളത്തിലേക്കു കയറി. നമ്മളൊന്നിച്ച് ആ പുഴയിൽ കറങ്ങി. എനിക്കെല്ലാം നല്ലതുപോലെ ഓർമ്മയുണ്ട്. അതു ഭാഗ്യവും നിമിത്തവുമായാണ് തോന്നിയത്. എന്റെ ഏറ്റവും വലിയ ഹീറോ ആയിരുന്നു അക്കാലത്ത്‌ മധു സാർ’ -പറഞ്ഞുനിർത്തിയതും മധു, മമ്മൂട്ടിയെ ചേർത്തുപിടിച്ചു.

‘വള്ളവും ബോട്ടും എനിക്കു ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ടാവാം രണ്ടു പിള്ളേർ തുഴയുന്ന വള്ളം കണ്ടപ്പോൾ കയറിയത്’ -മധുവും ആ കാലത്തിലേക്കു മടങ്ങി. ‘ഞങ്ങളോട്‌ പേരും എന്തു പഠിക്കുന്നു എന്നുമൊക്കെ സാർ അന്നു ചോദിച്ചിരുന്നു’ -മമ്മൂട്ടി ഓർമ്മകളുടെ അനുനിമിഷങ്ങൾ കൂട്ടിച്ചേർത്തു. പഴയ സിനിമകൾ വീണ്ടും കാണുകയാണ് ഇപ്പോൾ ശീലമെന്നും കഴിഞ്ഞ ദിവസം ‘അമരം’ വീണ്ടും കാണാൻേതാന്നിയെന്നും മധു പറഞ്ഞു. അപ്പോൾ ചർച്ച ആ തീരത്തേക്കായി. ‘അമര’ത്തിൽ മമ്മൂട്ടി തോണി തുഴഞ്ഞ രംഗങ്ങളെക്കുറിച്ചായി സംസാരം. ഉച്ചയ്ക്ക് 2.40-ഓടെ മധുവിന്റെ വീട്ടിലെത്തിയ മമ്മൂട്ടി, ഒരു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്. ‘ഇനിയും വരണം’ -ഇറങ്ങുമ്പോൾ മലയാള സിനിമയുടെ കാരണവർ മമ്മൂട്ടിയോടു പറഞ്ഞു.

Content Highlights: Mammootty made a heartwarming visit to veteran actor Madhu`s home, reminiscing about a chance encounter 60 years ago where a 15-year-old Mammootty rowed a boat with his hero, Madhu