കരാട്ടെ കുട്ടിക്കൂട്ടത്തിനൊപ്പം മമ്മൂട്ടി; ശിശുദിനാശംസകള്‍ നേര്‍ന്ന് താരം

#Movie Desk
മമ്മൂട്ടി പങ്കുവെച്ച ചിത്രം | Photo: Facebook/ Mammootty
മമ്മൂട്ടി പങ്കുവെച്ച ചിത്രം | Photo: Facebook/ Mammootty

ശിശുദിനത്തില്‍ കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി. പുറത്തിറങ്ങാനിരിക്കുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍നിന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. കരാട്ടെ വേഷത്തിലുള്ള കുട്ടികള്‍ക്കൊപ്പം വാം അപ്പ് ചെയ്യുന്ന മമ്മൂട്ടിയെ ചിത്രത്തില്‍ കാണാം.

കാക്കനാട് യൂത്ത് ഹോസ്റ്റലില്‍നിന്നുള്ളതാണ് ചിത്രം. 'കളങ്കാവല്‍' ഇവിടെ ചിത്രീകരിച്ചിരുന്നു. പ്രൊഡക്ഷന്‍ മാനേജറായ ഔസേപ്പച്ചന്‍ ഫിലിപ്പ് മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്.

പിന്നാലെ, ഇതിന്റെ വീഡിയോ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ 'മമ്മൂട്ടി കമ്പനി'യുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു. 'കളങ്കാവല്‍ ലൊക്കേഷനില്‍നിന്നുള്ള മനോഹര നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോട്ടം', എന്ന ക്യാപ്ഷനിലാണ് റീല്‍ പങ്കുവെച്ചത്. മമ്മൂട്ടി കുട്ടികള്‍ക്ക് മധുരം പങ്കുവെക്കുന്നതും വീഡിയോയില്‍ കാണാം.

മമ്മൂട്ടിയും വിനായകനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ജിതിന്‍ കെ. ജോസ് ചിത്രം 'കളങ്കാവല്‍' നവംബര്‍ 27-ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച 'കളങ്കാവല്‍' മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.