മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം പൂജ കഴിഞ്ഞു; നിതീഷ് സഹദേവ് ചിത്രത്തിൽ അണിനിരക്കുന്നത് വമ്പൻ താരനിര

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ വ്യാഴാഴ്ച നടന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്.
വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. കളങ്കാവൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്. ഫാലിമി എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്നൊരു സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകർക്കും പ്രേക്ഷകർക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്. വാർത്താ പ്രചരണം: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: The official pooja ceremony for Mammootty Kampany's ninth production, directed by Nitish Sahadev, was held on Thursday. Co-written by Anuraj OB with cinematography by Jimshi Khalid, the film features a massive star cast.