സിബിഐ സെറ്റിൽ 'അയ്യരെത്തി'; വീഡിയോ

സിബിഐ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷനിലെത്തിയ വീഡിയോ പങ്കുവച്ച് മമ്മൂട്ടി. സിബിഐ സീരീസിന്റെ മാസ്റ്റർപീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് ഇത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം.
സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി.
പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തം. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്.
Content Highlights : Mammootty Joins set of CBI 5, K Madhu, SN Swamy, CBI Series, Sethurama Iyyer
Content Highlights: