മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7നോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകർ വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണൽ (MFAI)-ന്റെ നേതൃത്വത്തിൽ 17 രാജ്യങ്ങളിലായി 40,000 പേർ രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.
മമ്മൂട്ടി ആരാധകർക്ക് പുറമെ കോളേജ് വിദ്യാർഥികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ, സന്നദ്ധസംഘടനാ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ 25,000 പേർ രക്തദാനത്തിൽ പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളിൽ പങ്കെടുക്കാൻ മുൻകൂട്ടി താൽപര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പുകൾക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകൾ ആസൂത്രണം ചെയ്തുവരികയാണ്.
അതേസമയം, കേരളത്തിൽ അനാഥാലയങ്ങളിൽ അന്നദാനം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, പരിസര ശുചീകരണ പരിപാടികൾ എന്നിവ ഉൾപ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികൾ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള ഘടകം. മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആലൻ പീറ്റർ പത്തനംതിട്ടയിൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് +917034634369 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: To celebrate Mammootty's birthday on September 7, the Mammootty Fans Association International (MFAI) is organizing a massive global campaign aiming for 40,000 blood donations across 17 countries alongside various social welfare initiatives.