നൃത്തച്ചുവടുകളുമായി മമിത, കൈയടിച്ച് വിജയ്; സ്വപ്‌നങ്ങൾ യാഥാർഥ്യമാവട്ടേയെന്ന് നരേൻ

#Movies Desk
മമിത ബൈജു, മമിത ബൈജു നൃത്തത്തിനിടെ, മമിതയുടെ പ്രകടനത്തിന് കൈയടിക്കുന്ന വിജയ്‌ | Photo: Facebook/ KVN Productions, Screen grab/ Facebook: Coimbatore Guru
മമിത ബൈജു, മമിത ബൈജു നൃത്തത്തിനിടെ, മമിതയുടെ പ്രകടനത്തിന് കൈയടിക്കുന്ന വിജയ്‌ | Photo: Facebook/ KVN Productions, Screen grab/ Facebook: Coimbatore Guru

എച്ച്. വിനോദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം 'ജനനായകന്റെ' ഓഡിയോ ലോഞ്ചിൽ നൃത്തച്ചുവടുകളുമായി നടി മമിത ബൈജു. വിജയ്‌യുടെ 'അഴകിയ തമിഴ് മകൻ' എന്ന ചിത്രത്തിലെ എ.ആർ. റഹ്‌മാൻ സംഗീതം നൽകി ആലപിച്ച 'എല്ലാ പുകഴും' എന്ന ഗാനത്തിനാണ് മമിത ചുവടുവെച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മമിതയുടെ ചടുലമായ ചുവടുകൾ വിജയ് കണ്ടിരിക്കുന്നതായി വീഡിയോയിൽ കാണാം. മമിതയുടെ പ്രകടനം അവസാനിപ്പിച്ചപ്പോൾ വലിയ ആരവമാണ് സദസ്സിൽനിന്നുണ്ടായത്. വിജയ്‌യും ഒപ്പം ചേർന്ന്‌ കൈയടിച്ചു.

വിജയ്‌ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് പിന്നീട് മമിത ചടങ്ങിൽ വാചാലയായി. വിജയ്‌ക്കൊപ്പം നിൽക്കാൻ സാധിച്ചതുതന്നെ അവിശ്വസനീയമാണെന്ന് നടി പറഞ്ഞു. 'സഹോദരൻ കടുത്ത ദളപതി ആരാധകനാണ്. വീട്ടിൽ സംസാരിക്കുമ്പോൾ ഞങ്ങൾ വിജയ് ചിത്രങ്ങളിലെ റഫറൻസുകൾ ഉപയോഗിക്കാറുണ്ട്. സർ, ഞാൻ നിങ്ങളെ ശരിക്കും മിസ് ചെയ്യും', മമിത കൂട്ടിച്ചേർത്തു.

പിന്നീട് തന്റെ പ്രസംഗത്തിൽ വിജയ് മമിതയെ പ്രശംസിച്ചു. മമിതയുടെ ഒടുവിലിറങ്ങിയ തമിഴ് ചിത്രത്തെ പരാമർശിച്ച്, മമിത വെറും 'ഡ്യൂഡ്' മാത്രമല്ല 'ജനനായകൻ' പുറത്തിറങ്ങുന്നതോടെ എല്ലായിടത്തേയും കുടുംബങ്ങൾ ആഘോഷിക്കുന്ന സഹോദരിയായി മാറുമെന്നുമായിരുന്നു വിജയ് പറഞ്ഞത്.

ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന മലയാളി നടൻ നരേനും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു. 'ചിത്തിരം പേസുതടി' മുതൽ ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ആളുകൾ ചോദിക്കാറുണ്ടായിരുന്നു. ഒടുവിൽ അത് സംഭവിച്ചു. ഈ ചിത്രത്തിൽ ഒരു പ്രധാന ഭാഗം എനിക്കുണ്ട്. സെറ്റിൽ അദ്ദേഹത്തിനൊപ്പമുള്ള ഓർമകൾ ഒരിക്കലും മറക്കില്ല', നരേൻ പറഞ്ഞു.

'ഡാൻസ് മാസ്റ്റർമാരുടേയും നിർമാതാക്കളുടേയും സംവിധായകരുടേയും ആരാധകരുടേയും സ്വപ്‌നമാണ് വിജയ് സർ. എല്ലാവർക്കും അദ്ദേഹമൊരു സ്വപ്‌നമാണ്. ഇപ്പോൾ അദ്ദേഹത്തിന് ഒരു സ്വപ്‌നമുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാർഥ്യമാവട്ടെ', നരേൻ കൂട്ടിച്ചേർത്തു.

Content Highlights: Mamitha Baiju's Energetic Dance Steals the Show at Vijay's 'Jana Nayagan' Audio Launch