സൂപ്പർതാരങ്ങളുടെ നായിക, 300 കോടി ക്ലബ് ചിത്രം; മമിതയെന്ന ഭാഗ്യതാരം നയൻതാരയുടെ പിൻഗാമിയോ?

#മൂവി ഡെസ്ക്
മമിത ബൈജു, വിജയ്ക്കൊപ്പം | ഫോട്ടോ: www.facebook.com/imamithabaijuofficial
മമിത ബൈജു, വിജയ്ക്കൊപ്പം | ഫോട്ടോ: www.facebook.com/imamithabaijuofficial

തമിഴിലായാലും മലയാളത്തിലായാലും പ്രേക്ഷകർക്ക് ഒരു നടിയേയോ നടനേയോ ഇഷ്ടമായാൽ താഴത്തും തലയിലും വെയ്ക്കാതെ കൊണ്ടുനടക്കും. തൊട്ടതെല്ലാം പൊന്നാക്കുകകൂടി ചെയ്താൽ പിന്നെ പറയുകയും വേണ്ട. ആ താരത്തിന്റെ ഓരോ സിനിമ വരാനും അവർ കാത്തിരിക്കും. ചെറുതോ വലുതോ ആകട്ടെ, പുതിയ സിനിമകളുടെ അപ്ഡേറ്റുകൾ ആഘോഷമാക്കും. അങ്ങനെയൊരു ഭാഗ്യം സമീപകാലത്ത് കിട്ടിയ നടിയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച മമിത ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ്. തമിഴിൽ നൂറു കോടിയ്ക്കു മേലേ കളക്ഷൻ കിട്ടിയ മൂന്ന് ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലുള്ളത്. മലയാളത്തിൽ ഒന്നും. അതാകട്ടെ ഇൻഡസ്ട്രി ഹിറ്റും.

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള കിടങ്ങൂർ സ്വദേശിനിയായ മമിത Bsc സൈക്കോളജി വിദ്യാർത്ഥിയായിരിക്കേയാണ് സിനിമാലോകത്ത് സജീവമായത്. 2016-ൽ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ പാവാട എന്ന ചിത്രത്തിൽ ബാലതാരമായി മമിത ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. തുടർന്ന് 2017-ൽ പുറത്തിറങ്ങിയ 'സർവോപരി പാലാക്കാരൻ' എന്ന ചിത്രത്തിലൂടെ സിനിമയിൽ കാലുറപ്പിച്ചു.
സിനിമയിലേക്കുള്ള കാൽവെപ്പ്

കരിയറിന്റെ തുടക്കത്തിൽ 'ഹണി ബീ 2: സെലിബ്രേഷൻസ്', 'ഡാകിനി', 'വരത്തൻ', 'വികൃതി' തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ മമിത പ്രത്യക്ഷപ്പെട്ടു. എന്നാൽ 2021-ൽ പുറത്തിറങ്ങിയ 'ഓപ്പറേഷൻ ജാവ'യിലെ അൽഫോൻസ എന്ന കഥാപാത്രവും ഖോ ഖോ എന്ന ചിത്രത്തിലെ അഞ്ജു എന്ന കഥാപാത്രവും മമിതയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായി മാറി. ഖോ ഖോ എന്ന ചിത്രത്തിലെ പ്രകടനം മമിതയ്ക്ക് മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്തു.

മമിതയിലെ നടിയെ പ്രേക്ഷകർ ആഘോഷിച്ച് തുടങ്ങിയത് 2022-ൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ സോന എന്ന കഥാപാത്രത്തിലൂടെയാണ്. ചിത്രത്തിലെ മികച്ച പ്രകടനം താരത്തിന്റെ അഭിനയ ശേഷിക്ക് വലിയ പ്രശംസകൾ നേടിക്കൊടുത്തു. തുടർന്ന് 'പ്രണയ വിലാസം' 'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്നീ ചിത്രങ്ങളിലും മമിത പ്രധാന വേഷങ്ങളിൽ തിളങ്ങി.

വൈറലായ ‘റീനു’
മമിത ബൈജുവിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക്‌ഔട്ട് വേഷമായി മാറിയത് 2024-ൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'പ്രേമലു' എന്ന ചിത്രമാണ്. ഈ ചിത്രത്തിൽ നസ്ലിനൊപ്പം പ്രധാന കഥാപാത്രമായ 'റീനു റോയ്' എന്ന വേഷത്തിലാണ് മമിത എത്തിയത്. ചിത്രം തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുകയും മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. ഈ ചിത്രത്തിലെ റീനു എന്ന കഥാപാത്രമായി മമിത നടത്തിയ മനോഹരമായ അഭിനയം ദക്ഷിണേന്ത്യയിലുടനീളം താരത്തിന് വലിയ ആരാധകവൃന്ദത്തെയാണ് നേടിക്കൊടുത്തത്.

തമിഴ് സൂപ്പർതാരങ്ങളുടെ നായികയാകുന്നു
2024-ൽ തമിഴിലും മമിത സാന്നിധ്യമറിയിച്ചു. ജി.വി. പ്രകാശ് നായകനായ 'റെബൽ' (2024) എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം, തുടർന്ന് പ്രദീപ് രംഗനാഥനൊപ്പം അഭിനയിച്ച 'ഡ്യൂഡ്' എന്ന ചിത്രത്തിലൂടെ തമിഴിൽ വൻവിജയം കൈവരിച്ചു. ഈ ചിത്രം 100 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽനിന്ന് സ്വന്തമാക്കിയത്. ഇതോടെ തമിഴിൽ മമിതയുടെ താരമൂല്യവും ഉയർന്നു. പിന്നാലെ ധനുഷിന്റെ നായികയായി കര എന്ന ചിത്രത്തിലും മമിതയെത്തി. തമിഴിൽ ഒരു മുൻനിര നടന്റെ നായികയായുള്ള മമിതയുടെ തുടക്കംകൂടിയായിരുന്നു ഇത്.

മമിത എന്ന താരത്തിന്റെ തേരോട്ടം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വിജയ് നായകനായ അവസാനചിത്രം എന്ന ലേബലിൽ എത്തിയ ‘ജനനായകനി’ൽ മമിതയായിരുന്നു മുഖ്യവേഷത്തിൽ. വിജയ്ക്കൊപ്പം ഇമോഷണൽ രംഗങ്ങളും പാട്ടും ഡാൻസും സംഘട്ടനരംഗങ്ങളുമുൾപ്പെടെ നിറഞ്ഞാടുകയായിരുന്നു മമിത. മറ്റൊരു നായികയായ പൂജ ഹെഗ്ഡേയേക്കാൾ പ്രാധാന്യത്തോടെയാണ് മമിതയുടെ കഥാപാത്രത്തെ സംവിധായകൻ എച്ച്. വിനോദ് അവതരിപ്പിച്ചത്. സെൻസർ പ്രശ്നങ്ങളിൽ കുരുങ്ങി എട്ടുമാസത്തോളം വൈകിയാണ് ചിത്രം എത്തിയതെങ്കിലും മമിതയുടെ കരിയറിൽ എന്നെന്നും ഓർക്കാവുന്ന സിനിമയായി ‘ജനനായകൻ’ മാറി. 300 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ.

‘ജനനായകൻ’ തിയേറ്ററിൽ പ്രദർശനം നടന്നുകൊണ്ടിരിക്കേയാണ് തമിഴിലെ മറ്റൊരു സൂപ്പർതാരമായ സൂര്യയുടെ നായികയായി മമിത എത്തിയത്. ‘വിശ്വനാഥ് ആൻഡ് സൺസി’ലൂടെ. ഈ ചിത്രത്തിലെ മമിതയുടെ മാഡി ജോ എന്ന കഥാപാത്രം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മമിത ബൈജുവിന്റെ മാഡി എന്ന കഥാപാത്രം സ്ക്രീനിലേക്ക് വരുന്നതോടെയാണ് റോളർ കോസ്റ്റർ റൈഡെന്ന പോലെ ചിത്രത്തിന്റെ മൂഡ് മാറുന്നത്. തന്നേക്കാൾ 20 വയസ് പ്രായക്കൂടുതലുള്ള നായകനെ പ്രണയിക്കുന്ന നായികയുടെ വേഷം മമിതയിൽ ഭദ്രമായിരുന്നു. 150 കോടിയിലേറെയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ.

മലയാളത്തിലേക്കുള്ള തിരിച്ചുവരവും സൂപ്പർഹിറ്റ്
‘വിശ്വനാഥ് ആൻഡ് സൺസ്’ ഇറങ്ങിയ അതേ ഓണക്കാലത്ത് തന്നെയാണ് മലയാളത്തിലേക്കുള്ള മമിതയുടെ തിരിച്ചുവരവ്. നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി ഒരുക്കിയ ‘ബെത്ലഹേം കുടുംബ യൂണിറ്റും’ മമിതയുടെ കരിയറിലെ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.


അസിൻ, നയൻതാര, മീര ജാസ്മിൻ എന്നിങ്ങനെ മലയാളത്തിൽ തുടങ്ങി അന്യഭാഷയിലും ചുവടുറപ്പിച്ച ഒട്ടേറെ നായികമാരുണ്ട്. ഇതിൽ നയൻതാര ഇപ്പോഴും നായികയായി സജീവമാണ്. അതിനുപിന്നാലെയാണ് തുടരെത്തുടരെ വലിയ ഹിറ്റുകളുമായി മമിതയും കളം നിറയുന്നത്. നടൻ കൂടിയായ ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ‘ഹലോ ഡിയർ’ ആണ് മമിതയുടേതായി മലയാളത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ചിത്രം.

Content Highlights: From starting with minor roles in Malayalam cinema to delivering 100-crore blockbusters alongside top stars like Vijay, Suriya, and Nivin Pauly, Mamitha Baiju has established herself as one of South India's most bankable leading actresses.