‘നക്ഷത്രയെ വിളിച്ചത് കാമുകനല്ല’; വിവാദങ്ങൾക്ക് പിന്നാലെ തമിഴ് വെബ് സീരീസിൽനിന്ന് മലയാളി നടി പിന്മാറി

#Movies Desk
അനു​ഗ്രഹ എസ്. നമ്പ്യാർ | Photo: Instagram/ Anugraha S. Nambiar
അനു​ഗ്രഹ എസ്. നമ്പ്യാർ | Photo: Instagram/ Anugraha S. Nambiar

തമിഴ് വെബ് സീരീസ് റിസോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരങ്ങൾക്കില്ലെന്ന് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ. താൻ പരമ്പരയിൽനിന്ന് പിന്മാറുകയാണെന്ന് അവർ സാമൂഹികമാധ്യമങ്ങൾ വഴി വ്യക്തമാക്കി. തിരികെ നൽകിയില്ലെന്ന് നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രൻ പറഞ്ഞ അഡ്വാൻസ് തുക, തനിക്ക് അവകാശപ്പെട്ട പണമാണെന്നും നടി വ്യക്തമാക്കി.

'എന്റെ അടുത്ത പ്രതിഫലത്തിൽനിന്ന് പണം പിടിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതെങ്ങനെ സാധിക്കും. അവരുടെ നിബന്ധനകൾ എനിക്ക് മനസിലാവുന്നില്ല. എന്റെ കൈയിലും തെളിവുകളുണ്ട്. നിങ്ങളുടെ ഭാഗത്താണ് ശരിയെങ്കിൽ ഞാൻ എന്തിന് എന്റെ പ്രതിഫലത്തിന് യാചിക്കുന്നു. ഷൂട്ടിങ് തുടങ്ങി രണ്ടുമാസത്തിന് ശേഷം എങ്ങനെയാണ് കരാറുണ്ടാക്കുന്നത്?. അത് നിങ്ങളുടെ തെറ്റാണ്', നടി പറഞ്ഞു.

കരാറൊപ്പിടാൻ താൻ നിർബന്ധിതയാവുകയായിരുന്നുവെന്നും വിജയ് നിർമാണം ഉൾപ്പെടെ എല്ലാ മേഖലയിലും കൈകടത്തിയിരുന്നുവെന്നും നടി ആരോപിച്ചു. 'രണ്ട് യൂണിറ്റുകളായിട്ടായിരുന്നു ഒരേ സമയം ഷൂട്ടിങ് നടന്നത്. ഒന്ന് പ്രവീണിന്റേയും മറ്റൊന്ന് വിജയ് കുമാറിന്റേയും നേതൃത്വത്തിൽ. എന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പറഞ്ഞ് വ്യാജവാഗ്ദാനം നൽകി. കരാർ ചൂണ്ടിക്കാണിച്ച് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോപി എന്നെ വ്യക്തിപരമായ അത്യാവശ്യകാരങ്ങൾക്കുപോവാൻ പോലും അനുവദിച്ചില്ല. ആ സമയത്ത് ഞാൻ മറ്റ് ഓഡിഷനുകളിൽ ഒന്നും പങ്കെടുത്തിരുന്നില്ല. വ്യക്തമായ പ്ലാനിങ്ങ് ഇല്ലാതെ പല ദിവസങ്ങളിലും എന്നെ ഷൂട്ടിന് വിളിച്ചുവരുത്തിയിരുന്നു', നടി കൂട്ടിച്ചേർത്തു.

നായികാവേഷമാണെന്ന് പറഞ്ഞ്, സൈഡ് റോളിനായി മൂന്നുതവണ തന്നെ വിളിച്ചുവരുത്തിയെന്ന് നടി പറഞ്ഞു. വിജയ് കുമാറിനേയും ഭാര്യ നക്ഷത്രാമൂർത്തിയേയും വിളിച്ചത് പങ്കാളിയല്ല, സുഹൃത്താണ്. എന്തിനാണ് വിജയ് കുമാർ വിഷയം മാറ്റാൻ ശ്രമിക്കുന്നത്? എന്തിനാണ് പേടിക്കുന്നത്? തന്റെ സ്ഥാനത്ത് ആരായിരുന്നെങ്കിലും പ്രതികരിച്ചേനെയെന്നും നടി വ്യക്തമാക്കി.

'ഇരവാദത്തിനോ ആരെയെങ്കിലും മോശക്കാരാക്കാനോ അല്ല ഞാൻ ശ്രമിക്കുന്നത്. ഒരുലക്ഷമോ കൂടുതലോ എനിക്ക് ചോദിക്കാമായിരുന്നു. എന്നാൽ, ഞാൻ ഇപ്പോഴും അർഹതപ്പെട്ട 25,000 രൂപയ്ക്കാണ് ചോദിക്കുന്നത്. എന്റെ യാത്രാബത്ത പോലും തന്നിരുന്നില്ല', നടി പറഞ്ഞു. തുടർന്നാണ് സീരീസിൽനിന്ന് പിന്മാറുന്നതായി നടി അറിയിച്ചത്.

ജിയോഹോട്‌സ്റ്റാറിൽ പുറത്തിറങ്ങിയ 'റിസോർട്ട്' വെബ് സീരീസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്. പരമ്പരയുടെ തിരക്കഥാകൃത്തും നായകനുമായ വിജയ് കുമാർ രാജേന്ദ്രനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സിനുമെതിരേയാണ് അനുഗ്രഹ ആരോപണവുമായെത്തിയത്.

ഒരുവർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്ന് അനുഗ്രഹ ആരോപിച്ചു. അവസരങ്ങൾ തടയാൻ കരാർ ചൂണ്ടിക്കാട്ടിയ നിർമാതാക്കൾ, അതുപ്രകാരമുള്ള പ്രതിഫലം നൽകിയില്ലെന്നും ആരോപിച്ചു. പരമ്പരയുടെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയെന്നും നടി വെളിപ്പെടുത്തി. തന്റെ ആരോഗ്യവിവരം അറിയിക്കാൻ വിളിച്ച സുഹൃത്തിനോട് മോശമായി സംസാരിച്ചുവെന്നും അവർ ആരോപിച്ചു.

Content Highlights: Anugraha S Nambiar exits the Tamil web series 'Resort' due to contractual disputes. The actress alleges financial exploitation and lack of professional conduct by the production team. She claims she was misled regarding her role and faced restrictions on other work opportunities. The dispute involves writer-actor Vijay Kumar Rajendran and producer Global Villagers. The actress cited mental and financial distress as reasons for her public statement