മോനേ നീയിനി ഈ ഭൂമിയിൽ ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല, ഇത് താങ്ങാനാകുന്നില്ല -ബീന ആന്റണി

നടൻ സിദ്ധാർത്ഥ് വേണുഗോപാലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടി ബീന ആന്റണി. ഈ ഭൂമിയിൽ ഇങ്ങനെയൊരാളില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അവർ പറഞ്ഞു. ഈ മരണം താങ്ങാൻ കഴിയുന്നതല്ലെന്നും അവർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. രോഗവുമായുള്ള രണ്ടുവർഷത്തെ പോരാട്ടത്തിനൊടുവിലാണ് സിദ്ധാർത്ഥ് വേണുഗോപാൽ വിടപറഞ്ഞത്.
"സിദ്ധൂ, എടാ മോനേ, നീ ഇനി ഈ ഭൂമിയിൽ ഇല്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെടാ.. അമ്മയും മകനുമായി നമ്മളൊരുമിച്ച് അഭിനയിക്കുമ്പോൾ നീയെന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്, എന്റെ സ്വന്തം അമ്മയെ ഞാൻ പലപ്പോഴും പല സീൻസിലും ഫീൽ ചെയ്തിട്ടുണ്ടെന്ന്. ഈശ്വരാ ഇതെനിക്ക് താങ്ങാൻ കഴിയുന്നില്ല... സിദ്ധൂ, കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾ മാത്രം മോനേ. നിന്റെ കുടുംബത്തിന് ഇത് താങ്ങാനുള്ള കരുത്ത് ഈശ്വരൻ നൽകട്ടെ." ബീന ആന്റണി കുറിച്ചു.
നടി സീമാ ജി. നായരാണ് സിദ്ധാർത്ഥിന്റെ മരണവാർത്ത ഫെയ്സ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ അറിയിച്ചത്. 'പ്രതീക്ഷകൾ അസ്തമിച്ചു. പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി, മനസ്സും ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു. ഇന്ന് ഈശ്വരൻ തീരുമാനിച്ചു, നീ കൂടുതൽ വേദനിക്കണ്ടായെന്ന്. വയ്യ സിദ്ധാർഥ്, തളർന്നുപോകുന്നു.' സീമാ ജി. നായർ കുറിച്ചു.
കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ ടെലിവിഷൻ സീരിയലുകളിൽ സിദ്ധാർത്ഥ് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Death of popular Malayalam serial actor Siddharth Venugopal in 2026., Emotional tribute shared by actress Beena Antony., Confirmation of death following a two-year medical battle by Seema G. Nair., Highlighting his contribution to serials like Kasthooriman and Bhagyajathakam.