പശ്ചിമേഷ്യയിലെ സംഘർഷം: ദൃശ്യം-3യും പേട്രിയറ്റും ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ഗൾഫ് റിലീസിൽ ആശങ്ക

#മൂവി ഡെസ്ക്
പേട്രിയറ്റ്, ദൃശ്യം 3 എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്
പേട്രിയറ്റ്, ദൃശ്യം 3 എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്

യു.എസ്- ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തെ തുടർന്ന് സർവ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. സാധാരണ ജനജീവിതത്തെ എന്നപോലെ സിനിമാ മേഖലയും ഈ യുദ്ധസമാന സാഹചര്യത്തിൽ വലിയ ആശങ്കയിലാണ്. ഈദ് റിലീസായി എത്തേണ്ടിയിരുന്ന മലയാള സിനിമകൾ ഉൾപ്പെടെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വലിയ നഷ്ടം നേരിടുമെന്ന ആശങ്കയിലാണ് നിർമാതാക്കൾ.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ പാൻ ഇന്ത്യൻ ചിത്രമായ ടോക്സിക്, മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് 3, ബി. ഉണ്ണിക്കൃഷ്ണൻ-നിവിൻ പോളി ടീമിന്റെ പ്രതിച്ഛായ, മമ്മൂട്ടി-മോഹൻലാൽ ടീം ഒന്നിക്കുന്ന പേട്രിയറ്റ്, മോഹൻലാലിന്റെ ദൃശ്യം 3, ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളുടെ ഗൾഫ് റിലീസാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. യുദ്ധം തുടർന്നാൽ ഈ ചിത്രങ്ങളുടെ ജിസിസി റിലീസ് പ്രശ്നം നേരിടുമെന്നാണ് റിപ്പോർട്ട്.

ഈദ് റിലീസായി ഈ മാസം 18-ന് മൂന്ന് പ്രധാന ചിത്രങ്ങളാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. ജയസൂര്യ നായകനാകുന്ന ആട് 3, യഷിന്റെ ടോക്സിക്, രൺവീർ സിങ്-ആദിത്യ ധർ ടീമിന്റെ ധുരന്ധർ എന്നിവയാണവ. ഏപ്രിൽ രണ്ടിന് ദൃശ്യം 3-യും 23-ന് പേട്രിയറ്റും റിലീസ് നിശ്ചയിച്ചിരുന്നതാണ്. ഏപ്രിൽ 9-നാണ് ടൊവിനോ-ഡിജോ ജോസ് ആന്റണി ടീമിന്റെ പള്ളിച്ചട്ടമ്പി റിലീസ് ചെയ്യേണ്ടത്. ഈ ചിത്രങ്ങളുടെയെല്ലാം ഗൾഫ് റിലീസാണ് ഇപ്പോൾ എന്ന് നടക്കും എന്നറിയാതെ നിൽക്കുന്നത്.

മലയാളസിനിമയുടെ വലിയൊരു മാർക്കറ്റാണ് ജിസിസി രാജ്യങ്ങൾ. സിനിമയുടെ കളക്ഷന്റെ വലിയൊരു പങ്കും ഇവിടത്തെ പ്രേക്ഷക പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടുന്നത്. ഒരു സിനിമയുടെ ബോക്സോഫീസ് കളക്ഷന്റെ നല്ലൊരു ശതമാനവും ജിസിസി പ്രേക്ഷകരെ ആശ്രയിച്ചാണെന്നും പറയാം. ഗൾഫ് രാജ്യങ്ങളിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ മലയാളസിനിമയുടെ ബോക്സോഫീസ് കണക്കുകളെ എത്രമേൽ സ്വാധീനിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ചലച്ചിത്ര പ്രവർത്തകരും.

Content Highlights: Iran's missile attacks have disrupted various sectors in the Gulf, including the cinema industry., Major upcoming films like 'Drishyam 3', 'Patriot', and 'Aadu 3' face uncertain GCC release schedules., The crisis poses a significant financial threat as the GCC is a crucial market for Malayalam cinema's box office success.