മലയാള സിനിമയെ ആഘോഷിക്കാൻ IFFI; പ്രേംനസീർ മുതൽ പുതുതലമുറ ചലച്ചിത്രകാരന്മാരും ശ്രദ്ധാകേന്ദ്രമാകും

'നിത്യഹരിത പ്രണയനായകൻ' പ്രേംനസീറിന്റെ അനശ്വര പാരമ്പര്യം മുതൽ പുതുതലമുറ ചലച്ചിത്രകാരന്മാരുടെ സമകാലിക കഥാഖ്യാനംവരെ, മലയാള സിനിമയുടെ സമ്പന്നതയും വൈവിധ്യവും ഗോവയിലെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ശ്രദ്ധാകേന്ദ്രമാകുന്നു. മലയാള ചലച്ചിത്രപ്രേമികൾക്ക് പ്രത്യേക ആകർഷണമായി ഇതിഹാസ നടൻ പ്രേംനസീർ അഭിനയിച്ച 'തുലാഭാരം' പ്രദർശിപ്പിച്ച് ശതാബ്ദി ആഘോഷങ്ങൾ അരങ്ങേറും. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംഘടിപ്പിക്കുന്ന പ്രദർശനം രാജ്യത്തിന്റെ ചലച്ചിത്ര ചരിത്രത്തിൽ മായാമുദ്ര പതിപ്പിച്ച സിനിമകളെയും അഭിനയ മുഹൂർത്തങ്ങളെയും വീണ്ടും ആസ്വദിക്കാനുള്ള അവസരമാണ് പ്രേക്ഷകർക്ക് നൽകുന്നത്.
അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി, അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ എന്നിവർ അഭിനയിച്ച 'സർവ്വംമായ'യിലൂടെയാണ് സമകാലിക മലയാള സിനിമയ്ക്ക് മേളയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. ഇന്ത്യൻ പനോരമ ഫീച്ചർ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അതീന്ദ്രിയ പ്രമേയമുള്ള ചിത്രത്തിൽ ഒരു യുവതിയുടെ ആത്മാവുമായി അസാധാരണ ബന്ധത്തിലാകുന്ന നിരീശ്വരവാദിയായ സംഗീതജ്ഞൻ പ്രഭേന്ദുവിന്റെ കഥയിലൂടെ വിശ്വാസം, പ്രണയം, ആത്മസാക്ഷാത്കാരം എന്നിവ അനാവരണം ചെയ്യുന്നു.
ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ഒറ്റഞാവൽമരം', ശ്രീഹരി ഹരിദാസ് സംവിധാനം ചെയ്ത 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി' എന്നീ മലയാള ചിത്രങ്ങളും ഇന്ത്യൻ പനോരമയുടെ 'ന്യൂ ഹൊറൈസൺ' വിഭാഗത്തിൽ പ്രദർശിപ്പിക്കും. സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത 11 മിനിറ്റ് ദൈർഘ്യമുള്ള മലയാള ഹ്രസ്വചിത്രമായ 'സ്വിച്ച് ഓഫ്' മേളയുടെ നോൺ-ഫീച്ചർ വിഭാഗത്തിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തിന്റെ സാന്നിധ്യം വർധിപ്പിച്ച്, കേരളത്തിൽ നിന്നുള്ള ചലച്ചിത്രകാരനായ സംജദ് സംവിധാനം ചെയ്ത 'ഹാഫ്' എന്ന ചിത്രം 'ഗാല പ്രീമിയേഴ്സ്' വിഭാഗത്തിൽ പ്രദർശിപ്പിക്കും. മലയാള സിനിമയുടെ മുഖമുദ്രയായ പ്രമേയ വൈവിധ്യവും വ്യത്യസ്തമായ കഥാഖ്യാന രീതികളുമാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ പ്രതിഫലിക്കുന്നത്.
മേളയിലെ പ്രത്യേക സംവാദങ്ങളിലും സെഷനുകളിലും മലയാള ചലച്ചിത്ര പ്രതിഭകളും മുഖ്യ ആകർഷണമാകും. സിനിമയിലെ ഇതിഹാസ കഥാഖ്യാനത്തിന്റെ മാറുന്ന തലങ്ങൾ ചർച്ച ചെയ്യുന്ന 'ഇതിഹാസ ആഖ്യാനരീതികൾ: പുരാണങ്ങളും സൂപ്പർഹീറോകളും പുതിയ ലോകങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന 'മുഖാമുഖം' പരിപാടിയിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ് പങ്കെടുക്കും. നിത്യഹരിത ഗായികമാരായ ആശാ ഭോസ്ലെയ്ക്കും എസ്. ജാനകിക്കും ആദരമർപ്പിച്ച് പ്രശസ്ത പിന്നണി ഗായിക 'വാനമ്പാടി' കെ.എസ്. ചിത്ര പ്രത്യേക അനുസ്മരണ പരിപാടിക്ക് നേതൃത്വം നൽകും.
2026 നവംബർ 20 മുതൽ 28വരെ 'അതിരുകളില്ലാത്ത കഥകൾ' എന്ന പ്രമേയത്തിൽ ഗോവയിൽ സംഘടിപ്പിക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും സിനിമകളെയും ചലച്ചിത്രകാരന്മാരെയും സിനിമാ പ്രേമികളെയും ഒരു വേദിയിൽ ഒന്നിപ്പിക്കുന്നതിലൂടെ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനും സിനിമയുടെ സാർവത്രിക ഭാഷയെ ആഘോഷിക്കാനും മേള ലക്ഷ്യമിടുന്നു.
Content Highlights: The 57th International Film Festival of India (IFFI) in Goa, held from November 20 to 28, 2026, highlights Malayalam cinema ranging from Prem Nazir's legacy to contemporary filmmakers. Prem Nazir's centenary will be celebrated with a special screening of his classic film Thulabharam. Akhil Sathyan's Nivin Pauly-starrer Sarvam Maya is selected for the Indian Panorama Feature Film section, alongside New Horizon entries Ottanjavalmaram and Ajayante Maranam: Oru Case Study. Director-actor Basil Joseph will participate in an In-Conversation session on epic storytelling, while singer K.S. Chithra will lead a tribute to Asha Bhosle and S. Janaki.