മണിയൻപിള്ള രാജുവിന്റെ കാറപകടം;പറയുന്നത് പച്ചക്കള്ളം,ചിലർക്ക് ഇര ചമയാൻ ഇഷ്ടം- യുവാക്കൾക്കെതിരെ മാധവ്

മണിയന്‍പിള്ള രാജു/ മാധവ് സുരേഷ്‌ | Photo: Mathrubhumi/ instagram/ madhav suresh
മണിയന്‍പിള്ള രാജു/ മാധവ് സുരേഷ്‌ | Photo: Mathrubhumi/ instagram/ madhav suresh

ടൻ മണിയൻപിള്ള രാജുവിന്റെ കാറും യുവാക്കൾ സഞ്ചരിച്ച ബൈക്കും അപകടത്തിൽപെട്ടതുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്കെതിരെയാണ് മാധവ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചത്. യുവാക്കൾ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണവും അപകടത്തിന്റെ സിസിടിവി ദൃശ്യവും ഇതിനൊപ്പം ഉണ്ടായിരുന്നു.

കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിച്ചതിനും യുവാക്കൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് മാധവ് കുറിച്ചു. എന്തൊരു പച്ചക്കള്ളമാണ് ഇവർ പറയുന്നതെന്നും ചില ആളുകൾക്ക് ഇര ചമയാൻ ഏറെ ഇഷ്ടമാണെന്നും മാധവ് വ്യക്തമാക്കി.

മണിയൻ പിള്ള രാജുവിന്റെ കാർ നിയന്ത്രണം വിട്ട് തങ്ങളെ ഇടിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ ആരോപിച്ചത്. 'ട്രിവാൻഡം ക്ലബ്ബിൽ നിന്ന് കാർ ഇറങ്ങിവരുന്ന ഹെഡ്‌ലൈറ്റ് ഞങ്ങൾ കണ്ടു. ആദ്യമേ ഹോൺ അടിച്ച് കയറി. അടുത്തെത്താറായപ്പോൾ ഈ കാർ പെട്ടെന്ന് ഇടിച്ചുകയറി ഞങ്ങളെ നിരക്കി കൊണ്ടുപോയി. എന്നിട്ട്‌ ഒറ്റ പോക്കായിരുന്നു. കുറച്ചുനേരം റോഡിൽ കിടന്നശേഷമാണ് ആളുകൾ വന്നത്'- ഇതായിരുന്നു യുവക്കാളുടെ പ്രതികരണം.

എന്നാൽ, സിസിടിവി ദൃശ്യങ്ങൾ ഇതിൽനിന്ന് അൽപം വ്യത്യാസമുണ്ട്. ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് സാവധാനം പുറത്തേക്കിറങ്ങുന്ന കാർ ഇൻഡിക്കേറ്റർ ഇട്ട് വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിന്ന ശേഷം സാവധാനം റോഡ് മുറിച്ചുകടക്കുന്നതിനിടെ വളരെ വേഗത്തിൽ ബൈക്ക് വരികയായിരുന്നു.

അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിർത്താതെ പോയ മണിയൻപിള്ള രാജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മണിയൻ പിള്ള രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അപകടമുണ്ടാക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

Content Highlights: madhav suresh reacts maniyanpilla raju car accident