‘കുഞ്ഞുങ്ങളല്ല പ്രശ്നക്കാർ, സ്‌നേഹംകൊണ്ട് പറയുവാ.. ’, - ലാലു അലക്സ്

കലോത്സവത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് നടൻ ലാലു അലക്‌സ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ആറാം ക്ലാസിൽ ആദ്യമായി സ്റ്റേജിൽ കയറിയത് ഓർത്തെടുത്ത താരം, പുതിയ തലമുറയിലെ കുഞ്ഞുകലാകാരന്മാർ ഒരിക്കലും സമ്മാനം ലക്ഷ്യംവയ്ക്കരുതെന്നും ഉപദേശിച്ചിരുന്നു. സ്വന്തം കലയിൽ വിശ്വസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആഹ്വാനംചെയ്തിരുന്നു. ഇപ്പോഴിതാ അതിന്റെ തുടർച്ചയായി മറ്റൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ.
'കുഞ്ഞുങ്ങളല്ല പ്രശ്‌നക്കാർ. രക്ഷിതാക്കളുടെയും അധ്യാപകരുടേയും മനോഭാവം മാറണം. അവർക്ക് കൃത്യമായ ബോധവൽക്കരണവും പരിശീലനവും ലഭിക്കണം. ശരിയായ, ശക്തമായ ദിശാബോധം കുട്ടികൾക്ക് നൽകാൻ രക്ഷിതാക്കൾ പ്രാപ്തരാവണം. സ്‌നേഹംകൊണ്ട് പറയുവാ', എന്നായിരുന്നു ലാലു അലക്‌സിന്റെ കുറിപ്പ്.
64-ാമത് സ്‌കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ തുടക്കമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ലാലു അലക്‌സ് കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പ്. 'ഇനിയുള്ള കലോത്സവ ദിനങ്ങളിൽ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന എന്റെ കുഞ്ഞ് അനിയന്മാരോടും അനിയത്തിമാരോടും എനിക്ക് പറയാനുള്ളത്, നന്നായി പരിശീലിക്കുക. പക്ഷേ, അതിനേക്കാൾ കൂടുതൽ സ്വന്തം കലയിൽ വിശ്വസിക്കുക. സമ്മാനങ്ങൾ ലക്ഷ്യമാക്കരുത്. നിങ്ങളുടെ പ്രകടനം മനുഷ്യന്റെ മനസ്സിനെ തൊടാൻ കഴിയുന്നുവെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ വിജയം'- അദ്ദേഹം കുറിച്ചു.
'ചിലർക്ക് ഒന്നാംസ്ഥാനം ലഭിക്കും, ചിലർക്ക് രണ്ടാമതും മൂന്നാമതും. ചിലർക്കാകട്ടെ പേരുപോലും വിളിക്കപ്പെടാതിരിക്കും. ഒരിക്കലും തളരരുത്. ആത്മവിശ്വാസം കൈവിടരുത്. വീണ്ടും വീണ്ടും പരിശീലിക്കുക. അടുത്ത കലോത്സവത്തിൽ ലോകം നിങ്ങളെ ശ്രദ്ധിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുക. വരാനുള്ള ലോകം നിങ്ങളുടേതാണ്. ഉയർന്നു പറക്കൂ, സ്വപ്‌നങ്ങൾക്കും ഭയങ്ങൾക്കും അപ്പുറത്തേക്ക്. ആകാശങ്ങൾക്കുമപ്പുറം'- ലാലു അലക്‌സ് കൂട്ടിച്ചേർത്തു.
Content Highlights: Actor Lalu Alex urges parents and teachers to change their mindset regarding children`s participation in arts and cultural festivals. Focus on passion, not just prizes