ഇത് ഇവിടെവെച്ച് നിർത്തിക്കോ, നടിമാരുടെ പേര് നിങ്ങൾക്ക് തമാശ പറയാനുള്ളതല്ല; AIDMK എംപിക്കെതിരെ ഖുശ്ബു

#മൂവി ഡെസ്ക്
സി.വി. ഷണ്മുഖം, ഖുശ്ബു | ഫോട്ടോ: X, Facebook
സി.വി. ഷണ്മുഖം, ഖുശ്ബു | ഫോട്ടോ: X, Facebook

നടി നയൻതാരയ്ക്കെതിരെ മോശം പരാമർശം നടത്തി വിവാദത്തിലായ എഐഎഡിഎംകെ എം.പി സി.വി. ഷൺമുഖത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ഒരു നടിയുടെ പേര് വിലകുറഞ്ഞ തമാശകൾ പറയുന്നതിനായുള്ള ഉപാധിയല്ലെന്ന് ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയിൽനിന്നാണ് ജനിച്ചത്. എം.പിയുടെ പരാമർശം അനാദരവ് മാത്രമല്ല, മനുഷ്യരാശിക്കുതന്നെ അപമാനമാണെന്നും ബഹുമാനം എന്നത് പരസ്പരം ഉണ്ടാകേണ്ടതാണെന്നും ഖുശ്ബു പറഞ്ഞു.

"സ്ത്രീകൾ - പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾ - നിങ്ങളുടെ സ്വത്തല്ല, നിങ്ങളുടെ സംസാര വിഷയങ്ങളുമല്ല, അല്ലെങ്കിൽ സൗകര്യപ്രദമാകുമ്പോഴെല്ലാം എല്ലാവർക്കും അവരുടെ സംഭാഷണങ്ങളിൽ ഉന്നയിക്കാൻ കഴിയുന്ന ഒരു ഉപഭോഗവസ്തുവല്ല.

ഒരു വനിതാ അഭിനേതാവിന്റെ പേര് വിലകുറഞ്ഞ തമാശകൾക്കോ, നിസ്സാരമായ അപമാനങ്ങൾക്കോ, സ്വന്തം വാദത്തെ ന്യായീകരിക്കാനോ ഉള്ള ഒരു ഉപകരണമല്ല. മറ്റുള്ളവരെ പരിഹസിക്കാനോ അല്ലെങ്കിൽ ഒരു കാര്യം തെളിയിക്കാനോ ഒരു സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് ആ പ്രഭാഷകന്റെ മാനസികാവസ്ഥയെയും വളർന്നുവന്ന രീതിയെയും തുറന്നുകാട്ടുകയേ ഉള്ളൂ.

മതി, ഇവിടെ നിർത്താം. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയിൽനിന്നാണ് ജനിച്ചത്. ഒരു നടിയെക്കുറിച്ച് വെറുതേ അഭിപ്രായം പറയുന്നതിനുമുമ്പ് സ്വയം ഒന്നുചോദിക്കുക - ആ ഉദാഹരണം നിങ്ങളുടെ അമ്മയെക്കുറിച്ചോ, സഹോദരിയെക്കുറിച്ചോ, ഭാര്യയേയോ, മകളേയോ, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരാളേക്കുറിച്ചോ ആണെങ്കിൽ, നിങ്ങളും ഇതേരീതിയിൽ സംസാരിക്കുമോ?

ആളുകൾ ഇത്തരം അപമാനകരമായ അഭിപ്രായങ്ങൾ പറയുമ്പോൾ, അവർ പരാമർശിക്കുന്ന സ്ത്രീയെ അപമാനിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അവർ അവരുടെ സ്വന്തം മാനസികാവസ്ഥ, മോശം വളർത്തൽ, മാനുഷിക മര്യാദയുടെ അടിസ്ഥാന അഭാവം എന്നിവ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്. ഇത് അനാദരവ് മാത്രമല്ല. ഇത് മനുഷ്യരാശിക്ക് അപമാനമാണ്. ഒപ്പം ഓർക്കുക, ബഹുമാനം ഒരിക്കലും ഒരു വൺ-വേ സ്ട്രീറ്റ് അല്ല." ഖുശ്ബുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

വില്ലുപുരത്ത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ഒരു റാലിയിൽ സംസാരിക്കവെയാണ് എം.പിയുടെ വിവാദപരാമർശം. സ്വപ്നങ്ങൾ നിറവേറ്റുമെന്നു പറയുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തനിക്ക് നയൻതാരയെ തരുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ''സ്വപ്‌നമെന്താണെന്ന് പറയാനാണ് മുഖ്യമന്ത്രി പറയുന്നത്. നയൻതാരയെ വേണമെന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം എന്റെ സ്വപ്നം സഫലമാക്കുമോ? നയൻതാരയെ കല്യാണം കഴിക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ ആ സ്വപ്‌നം യാഥാർഥ്യമാക്കുമോ?''എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഈ പ്രസ്താവന തമിഴ്‌നാട് രാഷ്ട്രീയത്തിലും സിനിമാമേഖലയിലും വലിയ പ്രതിഷേധത്തിനിടയാക്കി. സി.വി. ഷൺമുഖത്തിനെതിരെ ദക്ഷിണേന്ത്യൻ ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് അസോസിയേഷൻ (എസ്.ഐ.എ.എ.) ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ഇതിനുപിന്നാലെയാണിപ്പോൾ ഖുശ്ബുവിന്റെ സോഷ്യൽ മീഡിയാ കുറിപ്പും എത്തിയിരിക്കുന്നത്.

Content Highlights: Actress and BJP leader Kushboo Sundar slammed AIADMK MP CV Shanmugam for his derogatory remarks about actress Nayanthara, stating that women performers are not objects for cheap political jokes.