‘ആണ്‍ബോധ്യങ്ങള്‍ക്കുനേരെയുള്ള പ്രതിരോധംകൂടിയാണ് ഗൗരിയുടെ ശബ്ദം’; പിന്തുണയുമായി കെ.എസ്. ശബരീനാഥന്‍

ശരീരഭാരത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യമുയര്‍ത്തിയ യുട്യൂബർക്ക് ശക്തമായ മറുപടി നല്‍കിയ നടി ഗൗരി കിഷനെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരീനാഥന്‍. നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന നാണംകെട്ട ചോദ്യങ്ങളോട് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കുന്നില്ലെന്നത് സന്തോഷം നല്‍കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'കാലാകാലങ്ങളായി സ്ത്രീകള്‍ മറുപടി പറയേണ്ടി വരുന്ന, സ്ത്രീകള്‍ക്ക് നേരെ പ്രത്യക്ഷമായും പരോക്ഷമായും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍. പെണ്ണുടലിന്റെ അഴകിനെയും അളവിനെയും കുറിച്ചുള്ള ആണ്‍ധാരണകള്‍ക്കാണ് എന്നും പ്രാമുഖ്യം. അത്തരം ആണ്‍ബോധ്യങ്ങള്‍ക്കും അഴകളവുകള്‍ക്ക് അനുസരിച്ചാണ് സിനിമയിലും സമൂഹത്തിലും അവള്‍ ഒരുങ്ങേണ്ടത്, തന്റെ ശരീരത്തെ മെരുക്കി എടുക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ അവള്‍ പരിഹസിക്കപ്പെടും, കളിയാക്കപ്പെടും. ഇതുപോലെ മുനകൂര്‍ത്ത ചോദ്യങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും', ഗൗരിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
'നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന ഈ നാണംകെട്ട ചോദ്യങ്ങളോട് പക്ഷേ, പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കുന്നില്ലെന്നത് സന്തോഷം നല്‍കുന്നു. തന്റെ ശരീരത്തോടുള്ള സ്‌നേഹവും അന്തസ്സും മാത്രമല്ല, അത്തരം ആണ്‍ബോധ്യങ്ങള്‍ക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് ഗൗരിയുടെ ശബ്ദം. ആരെന്തു ചോദിച്ചാലും നാണിച്ചു തല കുനിയ്ക്കുന്ന പഴയ തലമുറയല്ല, ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി സൂക്ഷ്മബോധ്യത്തോടെ മുന്നോട്ടുപോകുന്ന പുതിയ പെണ്‍കുഞ്ഞുങ്ങളാണ് പ്രതീക്ഷയും സന്തോഷവും', ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.
'അദേഴ്സ്' എന്ന തമിഴ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി വ്യാഴാഴ്ച ചെന്നൈയില്‍നടന്ന പരിപാടിയിലാണ് ശാരീരികാധിക്ഷേപത്തിനെതിരേ മലയാളിയായ താരം പ്രതികരിച്ചത്. തന്റെ ശരീരഭാരത്തെ പരാമര്‍ശിച്ച് ഒരു യുറ്റിയൂബര്‍ ചോദിച്ച ചോദ്യം തനിക്ക് വിഷമമുണ്ടാക്കിയതായി അവര്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ആ ചോദ്യമെന്ന് പറഞ്ഞ് യുറ്റിയൂബര്‍ അതിനെ ന്യായീകരിക്കാനും തട്ടിക്കയറാനും ശ്രമിച്ചപ്പോഴാണ് ഗൗരി ശക്തമായി പ്രതികരിച്ചത്.
Content Highlights: Actress Gouri Kishan powerfully responds to a YouTuber`s body-shaming question. KS Sabarinathan praises her courage in challenging patriarchal notions.