ധുരന്ധറിലെ നൃത്തത്തിന് ട്രോൾ, സ്ത്രീകളും കളിയാക്കുന്നു; സങ്കടം തോന്നുന്നുവെന്ന് ക്രിസ്റ്റൽ ഡിസൂസ

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ കഥയ്ക്കും മികച്ച അഭിനയ മുഹൂർത്തങ്ങൾക്കും പുറമെ ചിത്രത്തിലെ സംഗീതവും ശ്രദ്ധനേടിയിട്ടുണ്ട്. പ്രത്യേകിച്ച് ചിത്രത്തിലെ ‘ശരാരത്ത്’ എന്ന ഗാനം. വിജയ് ഗാംഗുലി കൊറിയോഗ്രഫി ചെയ്ത ഗാനരംഗത്തിൽ ആയിഷ ഖാനും ക്രിസ്റ്റൽ ഡിസൂസയുമാണ് അഭിനയിച്ചിരിക്കുന്നത്. എന്നാൽ ഗാനരംഗത്തിലെ പ്രകടനത്തിന്റെ പേരിൽ ക്രിസ്റ്റൽ ഡിസൂസ വലിയ രീതിയിലുള്ള ട്രോളുകൾ നേരിടുകയാണ്. ഒപ്പമുണ്ടായിരുന്ന ആയിഷ ഖാനുമായി താരതമ്യം ചെയ്താണ് വിമർശനങ്ങൾ. ഇപ്പോഴിതാ ആ വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് നടി.
ആര് നന്നായി ചെയ്തു എന്നതിൽ ആർക്കാണ് ഇത്ര താത്പര്യമെന്ന് ന്യൂസ് 18 നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റൽ ചോദിക്കുന്നു. 'അവൾ മറ്റൊരാളേക്കാൾ നന്നായി ചെയ്തു' എന്ന് ട്രോളന്മാർ പറയുന്നത് ഞാൻ കാണുന്നുണ്ട്. എന്നാൽ ഇത് അതിനെക്കുറിച്ചല്ല. ആര് നന്നായി ചെയ്തു എന്നതിൽ ആർക്കാണ് ഇത്ര താല്പര്യം? പാട്ട് ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യൂ. ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ താഴ്ത്തിക്കെട്ടുന്നത് കാണുമ്പോൾ സങ്കടമുണ്ട്. ക്രിസ്റ്റൽ പറഞ്ഞു.
"ഇങ്ങനെ ചെയ്യുന്നവരെ ഓർത്ത് എനിക്ക് കഷ്ടം തോന്നുന്നു. ഓരോരുത്തർക്കും അവരുടേതായ കഴിവുകളും പോരാട്ടങ്ങളും ഉണ്ടെന്ന് അവർ മനസ്സിലാക്കുന്നില്ല. ഞങ്ങൾ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരും വർഷങ്ങളായി ഈ രംഗത്ത് നിലനിൽക്കാൻ ശ്രമിക്കുന്നവരുമാണ്."
ജാസ്മിനും മധുബന്തിയും വേദിയിൽ ഒന്നിച്ച് പാടുന്നത് പോലെയാണ് താനും ആയിഷയും ഒന്നിച്ച് പ്രകടനം നടത്തിയത് എന്ന് ക്രിസ്റ്റൽ ഓർമിപ്പിച്ചു. ആയിഷ അതിമനോഹരമായി ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു.
"ഒരു ചെറിയ കമന്റിലൂടെ ആ പ്രയത്നത്തെ ഇല്ലാതാക്കുന്നത് വിഡ്ഢിത്തവും അപക്വവുമാണ്. സ്ത്രീകൾ തന്നെയാണ് ഇത്തരത്തിലുള്ള കമന്റുകൾ അധികവും പങ്കുവെക്കുന്നത്. സ്ത്രീകൾ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ കാര്യം പരസ്പരം പിന്തുണയ്ക്കുക എന്നതാണ്. പിന്തുണയ്ക്കാൻ കഴിയില്ലെങ്കിൽ മിണ്ടാതിരിക്കുക. നമ്മൾ ജീവിതത്തിൽ ഒരു നിലയിലെത്തി നിൽക്കുമ്പോൾ ഇത്തരം കമന്റുകൾ വർഷങ്ങൾ പിന്നിലേക്ക് വലിച്ചുകൊണ്ടുപോവുകയാണ്. നാം പരസ്പരം പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും വേണം. സ്ത്രീകൾ പരസ്പരം പിന്തുണയ്ക്കുന്ന ഒരു ലോകം മനോഹരമായിരിക്കും,"- ക്രിസ്റ്റൽ പറഞ്ഞു.
ഡിസംബർ അഞ്ചിന് പുറത്തിറക്കിയ ധുരന്ധർ ഇതിനകം ബോക്സോഫീസിൽ 1000 കോടി ക്ലബിൽ ഇടം പിടിച്ചുകഴിഞ്ഞു. രൺ വീർ സിങ്, അക്ഷയ് ഖന്ന, ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Actress Krystle D`Souza addresses criticism comparing her `Dhurandhar` song performance with Ayesha Khan`s. She advocates for mutual support among women.