'മോശം സാഹചര്യത്തിന് തൊട്ടരികിലെത്തി, പക്ഷേ രക്ഷപ്പെട്ടു'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് നടി

#Entertainment Desk
കൃതികാ കമ്ര | Photo: instagram
കൃതികാ കമ്ര | Photo: instagram

ഹിന്ദി ടിവി സീരിയലുകളിലൂടെ അഭിനയരംഗത്തെത്തുകയും പിന്നീട് ബോളിവുഡ് സിനിമകളിൽ തിളങ്ങുകയും ചെയ്ത നടിയാണ് കൃതികാ കമ്ര. താൻ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെക്കുകയാണ് കൃതിക ഇപ്പോൾ. മോശം സാഹചര്യത്തിന് തൊട്ടരികെയെത്തിയെങ്കിലും ഒന്നും സംഭവിക്കാതെ താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് താരം പറയുന്നു. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

'കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങൾ സിനിമയിലുണ്ടെന്ന് നേരത്തേ തന്നെ ഞാൻ കേട്ടിരുന്നു. എന്റെ മാതാപിതാക്കളും അതേക്കുറിച്ച് പത്രത്തിൽ വായിച്ചിട്ടുണ്ട്. കാസ്റ്റിങ് കൗച്ചിന്റെ ഭാഗമായി മോശമായ സാഹചര്യത്തിന് തൊട്ടരികിൽ ഞാനെത്തിയിരുന്നു. എന്നാൽ പരിക്കൊന്നും സംഭവിക്കാതെ ഞാൻ രക്ഷപ്പെടുകയായിരുന്നു. കേവലം ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്.' -കൃതികാ കമ്ര പറഞ്ഞു.

'ഞാനൊരു മിടുക്കിയായതുകൊണ്ടല്ല അന്ന് രക്ഷപ്പെട്ടത്. ഞാൻ അങ്ങനെയായിരുന്നില്ല. കരിയറിന്റെ തുടക്കത്തിൽ വളരെ ചെറുപ്പമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.' -താരം തുടർന്നു. സിനിമയിലുള്ളവർ സീരിയലിലുള്ളവരെ തങ്ങളേക്കാൾ താഴ്ന്നവരായാണ് കാണുന്നതെന്നും കൃതിക പറഞ്ഞു. ആ വേർതിരിവ് താൻ അനുഭവിച്ചിട്ടുണ്ട്. തന്റെ കാഴ്ചപ്പാടിൽ ടിവിയും സിനിമയും തമ്മിൽ വ്യത്യാസമൊന്നുമില്ല. സന്തോഷത്തോടെയാണ് സീരിയലുകളിൽ അഭിനയിച്ചതെന്നും താരം പറഞ്ഞു.

'ഞാനൊരു ഫെമിനിസ്റ്റാണ്. അഭിമാനത്തോടെയാണ് അത് ഞാൻ പറയുന്നത്. സ്‌ക്രീനിൽ സ്ത്രീകഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്ന കാര്യം ഞാൻ ശ്രദ്ധിക്കാറുണ്ട്. ടിവിയിലാണെങ്കിൽ പോലും പിന്തിരിപ്പൻ ആശയങ്ങളെ മഹത്വവത്കരിക്കുന്ന ഷോകളിൽ നിന്നും 'അടുക്കള നാടക'ങ്ങളിൽ നിന്നും ഞാൻ അകന്ന് നിൽക്കുകയാണ് പതിവ്. പുരോഗമനപരമായ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്.' -കൃതിക പറഞ്ഞു.

Content Highlights: Kritika Kamra shared her casting couch experience, stating she narrowly escaped a bad situation due to luck. She also noted the bias film industry professionals hold against TV actors.