'ഫിഷുണ്ട്... മട്ടനുണ്ട്... ചിക്കനുണ്ട്'; ട്രെൻഡ് സെറ്ററായി മാറിയ ഡയലോഗും കോട്ടയം പ്രദീപും

"ഫിഷുണ്ട്... മട്ടനുണ്ട്... ചിക്കനുണ്ട്... കഴിച്ചോളൂ... കഴിച്ചോളൂ... "ഒരൊറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ നടനാണ് കോട്ടയം പ്രദീപ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'വിണ്ണൈത്താണ്ടി വരുവായ'യിൽ ഒറ്റ ഡയലോഗ് കൊണ്ട് മറ്റ് അഭിനേതാക്കളേക്കാൾ സ്കോർ ചെയ്ത നടൻ.
2001ൽ പുറത്തിറങ്ങിയ 'ഈ നാട് ഇന്നലെ വരെ 'എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കോട്ടയം പ്രദീപ് ജനപ്രിയനായി മാറുന്നത് പക്ഷേ വർഷങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ ഗൗതം മേനോൻ ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. അതിന് മുമ്പ് കല്യാണ രാമൻ, ഫോർ ദ പീപ്പിൾ, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബിഗ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ 'വിണ്ണൈത്താണ്ടി വരുവായ'യ്ക്ക് ശേഷം പ്രദീപിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല. ചിത്രത്തിലെ ഡയലോഗ് അതോടെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി,കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ, ആട് ഒരു ഭീകരജീവിയാണ്, ലൈഫ് ഓഫ് ജോസൂട്ടി, ഗോദ, തുടങ്ങി എഴുപതിലധികം സിനിമകളിൽ അഭിനയിച്ചു. രാജാറാണി, നൻപെൻടാ, തെരി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും ഭാഗമായി.
സ്കൂൾ പഠനകാലത്ത് തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു പ്രദീപ്. യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യം. ടെലി സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീടാണ് ചെറിയ വേഷങ്ങളിൽ സിനിമയുടെ ഭാഗമാവുന്നത്.
എൽഐസി ഉദ്യോഗസ്ഥനായി 89 മുതൽ സർവീസിലുണ്ട് കോട്ടയം പ്രദീപ്.
വ്യാഴാഴ്ച്ച പുലർച്ചയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ നാല് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മായ ആണ് ഭാര്യ , മക്കൾ വിഷ്ണു, വൃന്ദ.
Content Highlights : Kottayam Pradeep Famous Movies, Vinnaithandi Varuvaya Movie Dialogue
Content Highlights: