നായകനും നായികയും എല്ലാവരും മാറി ‘അമ്മാവനെ' മാറ്റാതെ ഗൗതം മേനോൻ

'കിടുക്കി, തിമിർത്തു, കലക്കി’ എന്ന ഒറ്റ ഡയലോഗ് കൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ ചിരിയുടെ പൂരങ്ങൾ തീർത്ത നടനാണ് കോട്ടയം പ്രദീപ്. ഒരു സങ്കടപ്പുലരിയിൽ പൊടുന്നനെ മിന്നൽപോലെ പൊലിഞ്ഞുപോയി ആ ചിരിപ്പൂരം.
‘കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്... കഴിച്ചോ കഴിച്ചോ’ എന്ന പ്രദീപിന്റെ ഡയലോഗും ചിരിയുടെ തകർപ്പൻ വിരുന്നായിരുന്നു. സംസാരത്തിന്റെ രസികൻ ശൈലികൊണ്ടും ഭാഷയുടെ വൈവിധ്യമാർന്ന അവതരണംകൊണ്ടും അതിവേഗം പ്രദീപ് മലയാള സിനിമയുടെ വിജയ ചേരുവകളിലൊന്നായി മാറുകയായിരുന്നു.
‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സിനിമയിലെ ‘അതു കിടുക്കി, തിമിർത്തു, കലക്കി...’ എന്ന ഡയലോഗ് പ്രദീപിന് സമ്മാനിച്ച മൈലേജ് കുറച്ചൊന്നുമല്ല. ഡയലോഗ് പറയുന്നതിലെ ആ ശൈലിയാണ് പ്രദീപിന് ആ സിനിമയിൽ അത്തരമൊരു വേഷവും ഡയലോഗും സമ്മാനിച്ചതെന്ന് സംവിധായകൻ നാദിർഷ പറഞ്ഞു.
ഒരു ഡയലോഗാണെങ്കിൽപോലും അതിന്റെ രസികൻ അവതരണംകൊണ്ട് എല്ലാ ശ്രദ്ധയും തന്നിലേക്കാകർഷിക്കാൻ കഴിയുമെന്നും പ്രദീപ് എത്രയോ മുമ്പ് തെളിയിച്ചിട്ടുണ്ട്. ‘വിണ്ണൈ താണ്ടി വരുവായ’ എന്ന സിനിമയിൽ സൂപ്പർ താരം തൃഷയുടെ അമ്മാവന്റെ റോളിലായിരുന്നു പ്രദീപ്. ‘കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്... കഴിച്ചോ കഴിച്ചോ’ എന്ന് തൃഷയോടുപറയുന്ന ഡയലോഗ് പ്രദീപിന്റെ കലാജീവിതംതന്നെ മാറ്റിമറിച്ചു. ആ സിനിമയുടെ സംവിധായകൻ ഗൗതം മേനോന്റെ മുന്നിൽ പെട്ടെന്നാണ് തന്റേതായ ശൈലിയിൽ പ്രദീപ് ഈ ഡയലോഗ് പറഞ്ഞത്. പിന്നീട് ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളൊക്കെ വന്നപ്പോൾ നായകനും നായികയുമടക്കം എല്ലാവരും മാറിയപ്പോഴും ‘അമ്മാവൻ’ മാത്രം മാറേണ്ടെന്നായിരുന്നു ഗൗതമിന്റെ തീരുമാനം.
മോഹൻലാലിന്റെ ‘ആറാട്ട്’ എന്ന സിനിമയാണ് പ്രദീപ് അവസാനമായി അഭിനയിച്ച ചിത്രം. ‘ആറാട്ട്’ റിലീസാകുന്നതിന്റെ തലേന്നാളാണ് ചിരിയുടെ ആറാട്ട് നടത്തിയ പ്രദീപ് അവസാനയാത്ര പറഞ്ഞത്. ‘സിനിമയിൽ മോഹൻലാലും പ്രദീപും തമ്മിലുള്ള രസകരമായ ഒരു സീനുണ്ട്. അതു പ്രേക്ഷകരുടെ മുന്നിലെത്തുന്നതിനുമുമ്പ് പ്രദീപ് ഈ ലോകത്തോട് വിടചൊല്ലിയെന്ന വാർത്ത അവിശ്വസനീയമാണ്.
Content Highlights: Kottayam Pradeep actor In Vinnaithandi Varuvayaa, Gautham Menon Movie
Content Highlights: