ഹോങ്കോങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഇന്ത്യൻ ചിത്രം 'ഫിഷേഴ്സ് ഓഫ് മെൻ' തിരഞ്ഞെടുക്കപ്പെട്ടു

മുംബൈ / കൊച്ചി: ക്ലൗഡ് ഡോർ ഫിലിംസിന്റെ ബാനറിൽ പ്രമോദ് ശങ്കറിന്റെ നിർമാണത്തിൽ, സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന മലയാളം ഫീച്ചർ ചിത്രം 'കൊതിയൻ' അഥവാ 'ഫിഷേഴ്സ് ഓഫ് മെൻ', ഹോങ്കോങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ സൊസൈറ്റി (HKIFFS) സംഘടിപ്പിക്കുന്ന പ്രശസ്തമായ ഹോങ്കോങ്–ഏഷ്യ ഫിലിം ഫിനാൻസിംഗ് ഫോറത്തിന്റെ (HAF) ഇൻ-ഡെവലപ്‌മെന്റ് പ്രോജക്ട്സ് വിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ തിരഞ്ഞെടുപ്പോടെ, 24-ാമത് HAF-ൽ ഏഷ്യയിലെ 17 മികച്ച പ്രോജക്ടുകളിൽ ഒന്നായി “ഫിഷേഴ്സ് ഓഫ് മെൻ” ഇടം നേടുന്നു.
ഏഷ്യയിലെ മുൻനിര സിനിമാ ഫിനാൻസിംഗ്–കോ-പ്രൊഡക്ഷൻ മാർക്കറ്റുകളിലൊന്നായ HAF, ഡെവലപ്‌മെന്റ് ഘട്ടത്തിലുള്ള ശ്രദ്ധേയമായ ഫീച്ചർ സിനിമാ പ്രോജക്ടുകളെ അന്താരാഷ്ട്ര നിർമ്മാതാക്കൾ, നിക്ഷേപകർ, സെയിൽസ് ഏജന്റുമാർ, മറ്റ് വ്യവസായ പങ്കാളികൾ എന്നിവരുമായി ബന്ധിപ്പിക്കുന്ന വേദിയാണ്. തിരഞ്ഞെടുത്ത സംവിധായകർക്ക് പ്രോജക്ടുകൾ പിച്ച് ചെയ്യാനുള്ള അവസരങ്ങളും നെറ്റ്‌വർക്കിങ്ങ് സാധ്യതകളും, പ്രോജക്ടിന്റെ മുന്നേറ്റത്തിന് സഹായകമായ പുരസ്കാരങ്ങളും HAF ഒരുക്കുന്നു.
2026-ലെ HAF പതിപ്പ് മാർച്ച് 17 മുതൽ 19 വരെ ഹോങ്കോംഗ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും. ഇതോടൊപ്പം, മാർച്ച് 17 മുതൽ 20 വരെ സംഘടിപ്പിക്കുന്ന ഹോങ്കോങ് ഇന്റർനാഷണൽ ഫിലിം & ടി.വി. മാർക്കറ്റ് (FILMART) എന്ന പ്രധാന വ്യവസായ വിപണിയും നടക്കും.
ഫിഷേഴ്സ് ഓഫ് മെൻ’ HAF-ൽ തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് നിർമാതാവ് പ്രമോദ് ശങ്കർ പറഞ്ഞു. ഈ വേദി കഥ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ശക്തമായ പിന്തുണയും ദൃശ്യപരതയും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. HAF-ലേക്കുള്ള തിരഞ്ഞെടുപ്പ് ഞങ്ങൾക്ക് നിർണായക നേട്ടമാണെന്ന് സംവിധായകൻ സഞ്ജു സുരേന്ദ്രനും കൂട്ടിച്ചേർത്തു.
Content Highlights: Malayalam feature film `Kothiyan` / `Fishers of Men` selected for Hong Kong - Asia Film Financing Forum (HAF) in-development projects.