നടന്മാർ വൈകി വരികയും നടിമാർ സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് കൂടുതൽ സമയം ജോലി ചെയ്യേണ്ടിയുംവരുന്ന അവസ്ഥ ഉണ്ടാകരുത് -കൊങ്കണ സെൻ ശർമ

നടി ദീപിക പദുക്കോൺ ഉന്നയിച്ച ദിവസവും 8 മണിക്കൂർ ജോലി എന്ന ആശയവുമായി ബന്ധപ്പെട്ട് ചർച്ചകൾ ശക്തമാവുന്നു. ഈ ആവശ്യം ഉന്നയിച്ച് സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്', നാഗ് അശ്വിൻ്റെ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗം എന്നീ സിനിമകളിൽ നിന്ന് ദീപിക പദുകോൺ പിന്മാറിയതിന് പിന്നാലെ, സിനിമാരംഗത്തെ പലരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ, നടി കൊങ്കണ സെൻ ശർമ്മ ഈ വിഷയത്തിൽ പ്രതികരിക്കുകയും ദീപികയെ പിന്തുണയ്ക്കുകയും ചെയ്തു. ദീപികയെ 'പുരോഗമനവാദി' എന്ന് അവർ വിശേഷിപ്പിച്ചു.
ദീപികയുടെ പേര് കേൾക്കുമ്പോൾ അവർ വളരെ പുരോഗമനവാദിയാണെന്ന് തനിക്ക് തോന്നുന്നുവെന്ന് ഫിലിംഗ്യാന് നൽകിയ അഭിമുഖത്തിൽ കൊങ്കണ സെൻ ശർമ പറഞ്ഞു. ദീപികയെപ്പോലെ ഒരുപാടുപേരെ നമുക്ക് ആവശ്യമുണ്ടെന്നും അവർ വ്യക്തമാക്കി.
"സിനിമാ വ്യവസായത്തിൽ ചില നിയമങ്ങൾ വേണമെന്ന് ഞാൻ കരുതുന്നു. നമുക്ക് 14-15 മണിക്കൂർ ജോലി ചെയ്യാൻ കഴിയില്ല. നമുക്ക് 12 മണിക്കൂർ ടേൺഎറൗണ്ട് ഉണ്ടായിരിക്കണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവധി ലഭിക്കണം, പ്രത്യേകിച്ച് സാങ്കേതിക പ്രവർത്തകർക്ക്. അത് തുല്യമായിരിക്കണം. പുരുഷ അഭിനേതാക്കൾ വൈകി വരികയും വൈകി ജോലി ചെയ്യുകയും സ്ത്രീകൾ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്." കൊങ്കണ പറഞ്ഞു.
പല പുരുഷ അഭിനേതാക്കളും ഒരു പ്രശ്നവുമില്ലാതെ വർഷങ്ങളായി എട്ട് മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഇങ്ങനെയൊന്ന് ആവശ്യപ്പെടുന്ന ആദ്യത്തെയാൾ താനല്ല. സത്യത്തിൽ, ഒരുപാട് പുരുഷ അഭിനേതാക്കൾ വർഷങ്ങളായി 8 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്നുണ്ട്, അതൊരിക്കലും വാർത്തയായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി
എട്ട് മണിക്കൂർ ഷിഫ്റ്റ് ആവശ്യവും മറ്റ് വ്യവസ്ഥകളും കാരണം ദീപിക 'സ്പിരിറ്റിൽ' നിന്ന് പിന്മാറിയിരുന്നു. ഇതിനെത്തുടർന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ ദീപികയ്ക്ക് പകരം തൃപ്തി ദിമ്രിയെ സിനിമയിലേക്ക് കൊണ്ടുവന്നു. ദീപിക പിന്മാറിയതിന് ശേഷം, തന്റെ സിനിമയുടെ തിരക്കഥ ദീപിക നിരസിച്ചുവെന്ന് സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കൽക്കി എന്ന ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസും ദീപിക ചിത്രത്തിൽനിന്ന് പിന്മാറിയ വിവരം അറിയിച്ചത്.
Content Highlights: Konkona Sen Sharma supports Deepika Padukone`s call for fair working hours, highlighting the need for equality and better conditions for women and technicians in the film industry.