ജീവിതത്തില്‍ സങ്കടക്കടല്‍ നീന്തിക്കയറിയ സുധി; സന്തോഷങ്ങളെല്ലാം മരണം കവര്‍ന്നപ്പോള്‍

കൊല്ലം സുധി ഭാര്യ രേണു, മക്കളായ രാഹുല്‍, ഋതുല്‍ എന്നിവര്‍ക്കൊപ്പം
കൊല്ലം സുധി ഭാര്യ രേണു, മക്കളായ രാഹുല്‍, ഋതുല്‍ എന്നിവര്‍ക്കൊപ്പം

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാ-ടെലിവിഷന്‍ ലോകം. ഒരു കാര്‍ അപകടത്തിന്റെ രൂപത്തിലാണ് മരണം സുധിയെ തട്ടിയെടുത്തത്. കൊച്ചിയിലായിരുന്നു സുധിയുടെ ജനനം. അച്ഛന്‍ ശിവദാസന്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലെ റവന്യൂ ഇന്‍സ്‌പെക്ടറായിരുന്നു. അമ്മ ഗോമതി. കൊല്ലത്തായിരുന്നു ബാല്യകാലം. 16 വയസ്സിലാണ് സുധി കലാരംഗത്ത് എത്തുന്നത്. ഉത്സവകാലത്ത് അമ്പല പറമ്പുകളില്‍  സ്റ്റേജ് ഷോകളിലും സ്‌കിറ്റും കോമഡിയും ചെയ്ത് വളരെ വര്‍ഷങ്ങളെടുത്താണ് സുധി തന്റേതായ ഇടം നേടിയത്. 

ആദ്യ ഭാര്യ വിട്ടുപോയ സംഭവമാണ് വ്യക്തി ജീവിതത്തില്‍ സുധിയെ ഏറെ തളര്‍ത്തിയത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ജീവിതത്തിലേക്ക് കൂട്ടിയ ഭാര്യ, മകന്‍ രാഹുലിന് ഒന്നരവയസ്സുള്ളപ്പോള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഒടുപാട് കഷ്ടപ്പെട്ടാണ് സുധിയും മകനും ജീവിതവുമായി മുന്നോട്ട് പോയത്. സ്‌റ്റേജ് ഷോകള്‍ക്കെല്ലാം കുഞ്ഞായ മകനെയും കൂടെ കൂട്ടിയാണ് സുധി പോയിരുന്നത്. 

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേണു സുധിയുടെ ജീവിതസഖിയാകുന്നത്. ഇരുവര്‍ക്കും ഋതുല്‍ എന്ന മകനും ജനിച്ചു. സങ്കട കടല്‍ താണ്ടി ജീവിതം തിരിച്ചുപിടിച്ച സന്തോഷത്തിലായിരുന്നു സുധി. കൂടാതെ ചാനല്‍ പരിപാടികള്‍ക്ക് പുറമേ ഒട്ടേറെ സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചതോടെ കൊല്ലം സുധി എന്ന പേര് പ്രേക്ഷകര്‍ക്ക് സുപരിചിതമായി. എന്നാല്‍ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. 

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Content Highlights: kollam sudhi car accident death, life story, family, wife, renu, children, malayalam cinema