കൊച്ചിയിൽ ഇനി അഞ്ചുനാൾ സിനിമാക്കാലം; ചലച്ചിത്രമേള മോഹൻലാൽ ഉദ്ഘാടനം ചെയ്തു

ഫോട്ടോ : ബി.മുരളികൃഷ്ണൻ
ഫോട്ടോ : ബി.മുരളികൃഷ്ണൻ

കൊച്ചി: കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയിൽ ഇനി അഞ്ചുനാൾ മലയാളം മുതൽ ലോകം വരെ നീളുന്ന സിനിമാക്കാലം... പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച എറണാകുളത്ത് തുടക്കമാകും. രാവിലെ 9-ന് സരിത തിേയറ്ററിൽ നടൻ മോഹൻലാൽ മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, സാഹിത്യകാരൻ എൻ.എസ്. മാധവൻ മുഖ്യാതിഥിയാകും.

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെ.യുടെ പ്രാദേശിക പതിപ്പാണ് കൊച്ചിയിൽ നടത്തുന്നത്. ഐ.എഫ്.എഫ്.കെ.യിൽ പ്രദർശിപ്പിച്ച 68 സിനിമകൾ കൊച്ചിയിലെ മേളയിലുമെത്തും.

ബംഗ്ലാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ ‘രഹന’യുടെ ജീവിത പോരാട്ടത്തിന്റെ കഥപറയുന്ന ‘രഹന മറിയം നൂർ’ പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമാകും. ഒരു അപ്രതീക്ഷിത സംഭവത്തിന് സാക്ഷിയായ രഹന, ആറുവയസ്സുകാരിയായ മകൾക്കും കോളേജിലെ വിദ്യാർഥിനിക്കും വേണ്ടി നീതിക്കായി നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം.

ലൈംഗികാതിക്രമങ്ങളും സ്ത്രീകളുടെ മാനസിക-സാമൂഹിക സംഘർഷങ്ങളും ലിംഗവിവേചനവുമൊക്കെ തുറന്നുകാട്ടുന്ന സിനിമ തിരുവനന്തപുരം മേളയിലും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഓസ്കർ നോമിനേഷൻ, കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ ബംഗ്ളാദേശി ചിത്രം എന്നീ ബഹുമതികൾ സ്വന്തമാക്കിയ ഈ സിനിമയുടെ സംവിധായകൻ അബ്‍ദുള്ള മുഹമ്മദ് സാദാണ്. സരിത തിേയറ്ററിൽ വെള്ളിയാഴ്ച രാവിലെ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ചലച്ചിത്ര മേളയിലെ ഇന്നത്തെ സിനിമകൾ

സരിത

1. രഹ്‌ന മറിയം നൂർ - 09.00

2. ബ്രതേഴ്‌സ് കീപ്പർ - 03.00

3. യൂനി - 06.00

4. സുഗ്ര ആൻഡ് ഹെർ സൺസ് - 08.30

സവിത

1. അടിയു ഗൊദാർഡ് - 02.45

2. ദി ബ്രിട്ടൽ ത്രെഡ് - 05.00

3. ഇൻടു ദി മിസ്റ്റ് - 07.30

കവിത

1. നീം അന്നപൂർണ - 03.15

2. കോ-പൈലറ്റ് - 06.15

3. 19 - 08.45

Content Highlights: Kochi Regional IFFK inauguration by Mohanlal opening film rehna maryam noor