'ആശ്വാസവും അഭിമാനവും തോന്നുന്നു'; മീനാക്ഷിയെ അഭിനന്ദിച്ച് കെ.കെ. ശൈലജ

മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് മീനാക്ഷി അനൂപ് നടത്തിയ പ്രതികരണത്തെ പിന്തുണച്ചും നടിയെ പ്രശംസിച്ചും മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജ. 'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത'യെന്നാണെന്റെ 'മതം'- എന്ന മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍മന്ത്രിയും പ്രശംസയുമായെത്തിയത്.
'പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരാണ് എന്നു കാണുന്നതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍', എന്നായിരുന്നു കെ.കെ. ശൈലജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
'മത മതിലുകള്‍ക്കപ്പുറമാണ്. മതനിരപേക്ഷത. ചോദ്യം: നമ്മുടെ നാട്ടില്‍ മതനിരപേക്ഷതയെന്നത് പൂര്‍ണ്ണമായ അര്‍ഥത്തില്‍ സാദ്ധ്യമാണോ. വളരെ വലിയ അര്‍ഥതലങ്ങളുള്ള വിഷയമാണ് എന്റെ അറിവിന്റെ പരിമിതിയില്‍, ചെറിയ വാചകങ്ങളില്‍ ഉത്തരം. 'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത'യെന്നാണെന്റെ 'മതം'', എന്നായിരുന്നു മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
കുറിപ്പിനെ പ്രശംസിച്ച് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. കുറിപ്പിന്റെ പേരില്‍ നടിക്ക് ഏറെ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടിവരുന്നുണ്ട്. കുറിപ്പിനെ എതിര്‍ക്കുന്ന ഒരുവിഭാഗം രൂക്ഷമായ ഭാഷയിലാണ് നടിയുടെ വാക്കുകളോട് പ്രതികരിക്കുന്നത്.
Content Highlights: Former Minister K. K. Shailaja lauds actress Meenakshi Anoop`s powerful Facebook post on secularism