ഏത് മാനദണ്ഡം അനുസരിച്ചാണ് ഇവർ ദേശീയ പുരസ്കാരങ്ങൾ നൽകുന്നത്?; വിമർശനവുമായി ഖുശ്ബു

#മൂവി ഡെസ്ക്
ഖുശ്ബു സുന്ദർ, രായൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി, X
ഖുശ്ബു സുന്ദർ, രായൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി, X

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നടൻ ധനുഷ് സംവിധാനം ചെയ്ത രായൻ മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ പുരസ്കാരങ്ങൾ നൽകുന്നതിനുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യംചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി ഖുശ്ബു. ദേശീയ പുരസ്കാരങ്ങൾക്കായി സിനിമകൾ വിലയിരുത്തുന്നതിൽ ജൂറി ഉപയോഗിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് തനിക്ക് എന്നും ആകാംക്ഷയുണ്ടെന്ന് അവർ പറഞ്ഞു. പുരസ്കാരങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ തന്റേത് മാത്രമല്ലെന്നും ഖുശ്ബു വ്യക്തമാക്കി.

പുരസ്കാരങ്ങൾക്ക് പിന്നിലെ പ്രക്രിയയെക്കുറിച്ചാണ് തനിക്ക് ആശങ്കകളെന്ന് ഖുശ്ബു ബിഹൈൻഡ്‌വുഡ്‌സിനോട് പറഞ്ഞു. ഏതെങ്കിലും വ്യക്തിഗത ചലച്ചിത്ര നിർമാതാവിനെയോ സിനിമയെയോ ലക്ഷ്യംവെച്ചല്ല ഈ വിമർശനമെന്നും അവർ വ്യക്തമാക്കി. ചെറിയ പ്രാദേശിക സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള മികച്ച സിനിമകൾക്ക് വലിയ വ്യവസായങ്ങളിൽ നിന്നുള്ള സിനിമകൾക്ക് ലഭിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടോ എന്നും അവർ സംശയിച്ചു. "മറ്റുള്ളവരെപ്പോലെ, എനിക്കും സംശയമുണ്ട്. ഏത് മാനദണ്ഡത്തിലാണ് ദേശീയ പുരസ്കാരങ്ങൾ നൽകുന്നത്? ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റിയോ ജൂറിയോ എങ്ങനെയാണ് രൂപീകരിക്കുന്നത്?" അവർ ചോദിച്ചു.

"അവർ ഒരു സിനിമയെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിനേക്കാൾ മികച്ച ഒരു ഒഡിയ ഭാഷയിലുള്ള സിനിമ ഉണ്ടായിരിക്കാം. എന്തുകൊണ്ട് ഒഡിയ സിനിമ അത് നേടിയില്ല? ഒരു ഗുജറാത്തി സിനിമ മികച്ചതായിരിക്കുമ്പോൾ, എന്തുകൊണ്ട് അതിന് 'ഹോൾസം എന്റർടൈൻമെൻ്റ്' അവാർഡ് ലഭിക്കുന്നില്ല? എന്തുകൊണ്ട് ഇത് എപ്പോഴും ഹിന്ദി സിനിമകൾക്ക് ലഭിക്കുന്നു, പ്രാദേശിക സിനിമകൾക്ക് ലഭിക്കുന്നില്ല?" ഖുശ്ബു ചോദിച്ചു.

ജൂറി അംഗങ്ങൾ ആ വർഷത്തെ ഏറ്റവും വലിയ സിനിമ എന്ന നിലയിലുള്ള ജനപ്രീതിയിലോ പൊതുവികാരത്തിലോ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് താൻ ചിലപ്പോൾ ചിന്തിക്കാറുണ്ടെന്ന് ഖുശ്ബു വെളിപ്പെടുത്തി. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ തെറ്റായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് താൻ ആരോപിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

രായൻ എന്ന ചിത്രത്തിന്റെ ദേശീയ പുരസ്‌കാര നേട്ടത്തിൽ തമിഴ് സിനിമാലോകത്ത് ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. 'മെയ്യഴകൻ', 'അമരൻ', 'മഹാരാജ' തുടങ്ങിയ സിനിമകളാണ് ഈ അവാർഡിന് കൂടുതൽ യോഗ്യതയുള്ളതെന്നാണ് ഒരു വിഭാഗം ആരാധകർ വാദിക്കുന്നത്. എന്നാൽ ജൂറി അംഗമായിരുന്ന കോറിയോഗ്രാഫർ കല, സംഗീത സംവിധായകൻ ഡി ഇമ്മൻ എന്നിവർ ഈ പുരസ്‌കാരനിർണയത്തെ പിന്തുണച്ചു. തന്റെ പല മികച്ച സിനിമകളും മുൻപ് തഴയപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വിമർശനങ്ങളെ താൻ മാനിക്കുന്നുവെന്നുമാണ് നടൻ ധനുഷ് ഇതിനോട് പ്രതികരിച്ചത്.

Content Highlights: Actor-politician Khushbu Sundar questioned the evaluation criteria and selection process of the National Film Award jury amid the ongoing debate surrounding Dhanush's film Raayan winning Best Tamil Film.