‘കേരള സ്റ്റോറി 2’ ടിക്കറ്റെടുത്തവർക്ക് പണം തിരികെ; കോടതിയലക്ഷ്യ നീക്കത്തിൽനിന്ന് പിന്മാറി ഹർജിക്കാർ

കൊച്ചി: ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകിക്കൊണ്ടിരിക്കുന്നതിനാൽ 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' നിർമാതാക്കൾക്കെതിരായ കോടതി അലക്ഷ്യ നീക്കത്തിൽനിന്ന് പിന്മാറി ഹർജിക്കാർ. കേസിലെ ഹർജിക്കാരനായ ശ്രീദേവ് നമ്പൂതിരിക്കുവേണ്ടി ഹാജരാവുന്ന അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡേ ഇക്കാര്യം സ്ഥിരീകരിച്ചു. റിലീസിന് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ സ്‌റ്റേ നിലനിൽക്കെ ഓൺലൈനിൽ ടിക്കറ്റുകൾ വിൽപ്പനയ്ക്ക് വച്ചത് വലിയ വിവാദമായിരുന്നു.
ചിത്രം റിലീസ് ചെയ്തിട്ടില്ലെന്നും ടിക്കറ്റ് ബുക്ക് ചെയ്തവർ പണം തിരികെ നൽകുന്നതായി അന്വേഷണത്തിൽനിന്ന് മനസിലായെന്നും അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡേ പറഞ്ഞു. അതിനാൽ കോടതി അലക്ഷ്യനടപടികളുമായി മുന്നോട്ടുപോകില്ല. സ്‌റ്റേ നിലനിൽക്കെ ടിക്കറ്റ് ബുക്ക് നടക്കുന്ന കാര്യം അഭിഭാഷക, കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിനെ അറിയിച്ചിരുന്നു.
സിംഗിൾ ബെഞ്ച് സ്റ്റേയ്ക്ക് എതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് പറയാനായി മാറ്റിയിരിക്കുകയാണ്. സിനിമ പ്രദർശിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിച്ചശേഷം കോടതി അലക്ഷ്യഹർജി സമർപ്പിക്കുമെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് ചിത്രം തിയേറ്ററിലെത്തിയിട്ടില്ലെന്നും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുന്നതായും വ്യക്തമായത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ നിർമാതാക്കൾ അപ്പീൽ ഫയൽ ചെയ്തു. രണ്ടുമണിക്കൂറോളം വാദംകേട്ട ശേഷമാണ് ഉത്തരവിനായി മാറ്റിയത്.
Content Highlights: Producers of 'The Kerala Story 2 Goes Beyond' are refunding money for online tickets. The refund process was initiated due to a High Court stay on the film's release. Petitioners have withdrawn their contempt of court complaint against the producers following the refunds. An appeal against the single bench's stay order is pending before a division bench.