നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാംഘട്ട ഉദ്ഘാടനം ബഹിഷ്കരിക്കാൻ ഫിലിം ചേംബർ

#മൂവി ഡെസ്ക്
ഫോട്ടോ: www.keralafilmchamber.com/
ഫോട്ടോ: www.keralafilmchamber.com/

കൊച്ചി: മലയാള ചലച്ചിത്ര വ്യവസായത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ കൃത്യമായി ഇടപെടുന്നില്ല എന്ന് ചൂണ്ടി കാണിച്ചു കൊണ്ട്, മാർച്ച് നാലിന് നടക്കാനിരിക്കുന്ന നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാം ഘട്ട ഉത്‌ഘാടന പരിപാടി ബഹിഷ്കരിക്കാൻ ഫിലിം ചേംബർ. ഇത് സംബന്ധിച്ച്, മലയാള സിനിമയിലെ എല്ലാ സിനിമാ സംഘടനകൾക്കും കേരളാ ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് കത്തയച്ചു.

മലയാള ചലച്ചിത്ര വ്യവസായത്തിന്റെ നിലനിൽപ്പിനു വേണ്ടി പല സമയത്തായി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു എന്നും, ഈ വർഷം ജനുവരി 20 നു ബഹുമാനപെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സംഘടനകൾ നടത്തിയ ചർച്ചയിൽ, രണ്ട് ആഴ്ചക്കകം സിനിമാ സംഘടനകൾ ആവശ്യപ്പെട്ട വിഷയങ്ങളിൽ തീരുമാനം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു എന്നും ഫിലിം ചേംബർ പുറത്തു വിട്ട കത്തിൽ പറയുന്നു.

കത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു, ചിത്രാഞ്ജലിയിൽ നിർമ്മിക്കുന്ന മലയാള ചിത്രങ്ങൾക്കുള്ള സബ്‌സിഡി കാലാനുസൃതമായി വർധിപ്പിക്കണം എന്നുള്ളത്. എന്നാൽ, ഈ വിഷയത്തിലും അവർ ഉന്നയിച്ച മറ്റു വിഷയങ്ങളിലും യാതൊരു തരത്തിലുമുള്ള തീരുമാനം ഇതുവരെയും ഉണ്ടാവാത്ത സാഹചര്യത്തിലാണ്, നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാംഘട്ട ഉത്‌ഘാടന പരിപാടി ബഹിഷ്കരിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചതും, മറ്റു സംഘടനകൾക്ക് കത്തയച്ചതും. സിനിമാ മേഖലയുടെ പ്രതിഷേധം അറിയിക്കാനാണ് ഈ ബഹിഷ്കരണം നടപ്പിലാക്കുന്നതെന്നും അവർ കത്തിലൂടെ അറിയിച്ചു.

താരസംഘടനയായ 'അമ്മ', സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ 'ഫെഫ്ക', തീയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്', എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, മാക്ട, നിർമ്മാതാക്കളുടെ സംഘടന, സിനിമാ വിതരണക്കാരുടെ സംഘടന എന്നിവർക്കാണ് ഫിലിം ചേംബർ കത്ത് നൽകിയിരിക്കുന്നത്. ഫിലിം ചേംബറിന്റെ ഈ കത്തിനോട് മറ്റു സംഘടനകളും അനുകൂലമായി തന്നെ പ്രതികരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വിഷയത്തിൽ മറ്റു സംഘടനകളുടെ നിലപാടുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

Content Highlights: The Kerala Film Chamber of Commerce has decided to boycott the inauguration of the renovated Chithranjali Studio on March 4th., This action is a protest against the government's failure to address the Malayalam film industry's long-standing issues., A key unmet demand is the increase of subsidies for films produced at Chithranjali Studio., The Film Chamber has urged other major film organizations like AMMA, FEFKA to join the boycott.