24 മണിക്കൂറായി ഉറങ്ങിയിട്ട്, 41 മണിക്കൂർ നിർത്താതെ ജോലി ചെയ്തു, ഒരു പരാതിയുമില്ല -കീർത്തി സുരേഷ്

സോഷ്യൽ മീഡിയയിൽ ചർച്ചയായി നടി കീർത്തി സുരേഷിന്റെ വാക്കുകൾ. തനിക്ക് ഉറക്കമില്ലാതെ തുടർച്ചയായി 41 മണിക്കൂറോളം ജോലി ചെയ്യേണ്ടി വന്നുവെന്ന് അവർ വെളിപ്പെടുത്തി. ഒരു സെറ്റിൽനിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി പോകേണ്ടിവന്നുവെന്നും കീർത്തി പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
"ഇന്നലെ ഇത് പങ്കുവെക്കാൻ എനിക്ക് ഊർജ്ജമുണ്ടായിരുന്നില്ല. ഒരു ഷൂട്ടിൽ നിന്ന് മറ്റൊന്നിലേക്ക്. 41 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തതിന് ശേഷമാണ് ഞാൻ ഒടുവിൽ ഉറങ്ങിയത്." കീർത്തി പറയുന്നു.
"എൻ്റെ മുറിയിലേക്ക് നടക്കുകയാണ്. കൃത്യം 24 മണിക്കൂറിന് ശേഷം. ഏകദേശം 24 മണിക്കൂർ ജോലി ചെയ്തു. ഞാൻ ഇന്നലെ രാവിലെ 6 മണിക്കാണ് പുറപ്പെട്ടത്, ഇപ്പോൾ രാവിലെ 6 മണിയായി. പിന്നെ അടുത്ത ജോലിക്ക് ഒരു മണിക്കൂറിനുള്ളിൽ പോകണം. പരാതികളൊന്നുമില്ല. ഇതാണ് ജീവിതം, ഇത് ഞാൻ ഒരു അനുഗ്രഹമായി കാണുന്നു." കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി പ്രൊജക്റ്റുകളാണ് കീർത്തി സുരേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിൽ എത്തിയ 'റിവോൾവർ റീത്ത' എന്ന ക്രൈം കോമഡി ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. കീർത്തിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന 'കണ്ണിവെടി', ഋഷി ശിവകുമാർ സംവിധാനം ചെയ്ത് ആന്റണി പെപ്പെ നായകനാകുന്ന 'തോട്ടം' എന്നിവയും ഉൾപ്പെടുന്നു.
കൂടാതെ വിജയ് ദേവരകൊണ്ടയോടൊപ്പമുള്ള 'റൗഡി ജനാർദ്ധന', മിഷ്കിൻ പ്രധാന വേഷത്തിലെത്തുന്ന 'സത്യവാൻ സാവിത്രി', രാജ്കുമാർ റാവുവിനൊപ്പമുള്ള 'റഫ്താർ' എന്നിവയും വെങ്കിടേഷിനെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലും കീർത്തി ഭാഗമാകുന്നുണ്ട്.
Content Highlights: Actress Keerthy Suresh revealed on Instagram that she was up for 41 hours straight while jumping between non-stop film shoots across multiple language industries, describing the intense schedule as a blessing.