കുട്ടികളുടെ അവകാശങ്ങള്‍ക്കായി യൂണിസെഫിനെ പ്രതിനിധീകരിക്കാന്‍ കീര്‍ത്തി സുരേഷ്

ദേശീയ പുരസ്‌കാര ജേതാവും ഇന്ത്യന്‍ സിനിമാതാരവുമായ കീര്‍ത്തി സുരേഷിനെ തേടി പുതിയ അംഗീകാരം കൂടി വന്നിരിക്കുന്നു. യൂണിസെഫിന്റെ കുട്ടികളുടെ അവകാശങ്ങളുടെ വക്താവായി കീര്‍ത്തിയെയാണ് യൂണിസെഫ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഇനി മുതല്‍ കീര്‍ത്തിയും ഭാഗമാകും. കുട്ടികളുടേയും കൗമാരക്കാരുടേയും മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും മറ്റ് പ്രധാന ബാലാവകാശത്തിനും കീര്‍ത്തിയുടെ ആരാധക പിന്തുണ ഉപയോഗപ്പെടുത്തും.
യൂണിസെഫിന്റെ ഭാഗമായതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് കീര്‍ത്തി പറഞ്ഞു. കുട്ടികള്‍ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തവും ഏറ്റവും വലിയ പ്രതീക്ഷയുമാണ്. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് കുട്ടികള്‍ക്ക് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള അടിത്തറ പാകുന്നത് സ്‌നേഹപൂര്‍ണ്ണമായ പരിചരണമാണെന്ന് വിശ്വസിക്കുന്നു. ജീവിത പശ്ചാത്തലം പരിഗണിക്കാതെ ഓരോ കുട്ടിക്കും വളരാന്‍ കഴിയുന്ന തരത്തില്‍ ബോധവത്കരണം നടത്താനും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കാനും യൂണിസെഫ് ഇന്ത്യയുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്ത കീര്‍ത്തിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് യൂണിസെഫ് ഇന്ത്യയുടെ പ്രതിനിധി സിന്തിയ മെക്കാഫ്രി അറിയിച്ചു. പ്രേക്ഷകരുമായുള്ള കീര്‍ത്തിയുടെ ആഴത്തിലുള്ള ബന്ധം കുട്ടികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി വാദിക്കാന്‍ ശക്തമായ ഒരു വേദി ഒരുക്കുന്നു. ഇന്ത്യയുടെ സെലിബ്രിറ്റി പ്രതിനിധി എന്ന നിലയില്‍ ഓരോ കുട്ടിയുടേയും യുവാക്കളുടേയും സ്വപ്‌നങ്ങള്‍ നിറവേറ്റുക എന്ന യൂണിസെഫിന്റെ ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് കീര്‍ത്തിയുടെ പങ്കാളിത്തം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഉപ്പ് കര്‍പ്പൂരം' എന്ന ചിത്രത്തില്‍ അവസാനമായി അഭിനയിച്ച കീര്‍ത്തി, അടുത്തതായി രാധിക ശരത്കുമാര്‍, സുനില്‍, റെഡിന്‍ കിംഗ്‌സ്‌ലി എന്നിവര്‍ക്കൊപ്പം 'റിവോള്‍വര്‍ റിറ്റ' എന്ന തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രം നവംബര്‍ 28- ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: National Award winner Keerthy Suresh appointed UNICEF advocate for child rights. Learn about her new role promoting children`s mental health & well-being in India.