ജീവിതത്തിൽ ഒരു പ്രണയമേ ഉണ്ടായിട്ടുള്ളൂ, അനാവശ്യ ഗോസിപ്പുകൾ വേദനിപ്പിച്ചു - കീർത്തി സുരേഷ്

മറ്റു നടന്മാരുമായി ചേർത്തുവെച്ച് അനാവശ്യ ഗോസിപ്പുകൾ പ്രചരിച്ചപ്പോൾ തനിക്ക് ഏറെ വേദന തോന്നിയിരുന്നതായി നടി കീർത്തി സുരേഷ്. തന്റെ പുതിയ ചിത്രമായ 'സത്യവാൻ സാവിത്രി'യുടെ പ്രൊമോഷൻ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. ഭർത്താവ് ആന്റണി തട്ടിലിന്റെ പിന്തുണയെക്കുറിച്ചും താരം സംസാരിച്ചു.
ഏകദേശം 15 വർഷത്തെ പ്രണയത്തിന് ശേഷം 2024-ലാണ് കീർത്തി സുരേഷും വ്യവസായിയായ ആന്റണി തട്ടിലും വിവാഹിതരായത്. പ്രണയം രഹസ്യമായി സൂക്ഷിച്ചിരുന്നതിനാൽ കീർത്തിയുടെ പേരിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ജീവിതത്തിൽ ഒരൊറ്റ പ്രണയം മാത്രമുണ്ടായിരുന്ന തനിക്ക് ഇത്തരം വാർത്തകൾ വേദനയുണ്ടാക്കിയിരുന്നതായി കീർത്തി വ്യക്തമാക്കി.
എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. 'മറ്റു നടന്മാരുമായി ചേർത്തുവെച്ചുള്ള അനാവശ്യ ഗോസിപ്പുകൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. കാരണം എനിക്ക് ജീവിതത്തിൽ ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതിനോട് പ്രതികരിക്കണമോ എന്ന് ആന്റണി എന്നോട് ചോദിക്കുമായിരുന്നു. അല്ലാതെ അദ്ദേഹം ഒരിക്കലും ഇതേക്കുറിച്ച് ചോദ്യം ചെയ്തിട്ടില്ല. ഞങ്ങൾ രണ്ടുപേരും പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ പിന്നെ മറ്റാരോടാണ് ഇതൊക്കെ തെളിയിക്കേണ്ടത്?', കീർത്തി ചോദിച്ചു.
ആന്റണിയെ ‘ജെന്റിൽമാൻ’ എന്നാണ് കീർത്തി വിശേഷിപ്പിച്ചത്. നടി എന്ന നിലയിലെ തന്റെ ജോലിക്ക് വലിയ പിന്തുണ നൽകുന്ന വ്യക്തിയാണെന്നും കീർത്തി പറഞ്ഞു. വിഷമിച്ചിരിക്കുന്ന സമയങ്ങളിൽ തനിക്ക് പ്രചോദനമാകുന്നത് അദ്ദേഹമാണ്. പലർക്കും സംശയമുണ്ടായിരുന്നിട്ടും 'ഡൊറോത്തി' എന്ന സിനിമയിൽ അഭിനയിക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചത് ആന്റണിയാണെന്നും നടി വെളിപ്പെടുത്തി.
'അദ്ദേഹം എനിക്ക് എന്റേതായ സ്വാതന്ത്ര്യം നൽകുന്നു, ഞാനും അത് തിരിച്ചുനൽകുന്നു. പൊതുവേദികളിലും ആളുകളാൽ ശ്രദ്ധിക്കപ്പെടുന്നതിലും അദ്ദേഹത്തിന് താല്പര്യമില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യങ്ങളിലേക്ക് ഞാൻ നിർബന്ധിക്കാറില്ല. ഞാൻ ഒരു പ്രീമിയർ ഷോയ്ക്ക് പോവുകയാണെങ്കിൽ, അദ്ദേഹം വരില്ല. അവിടെ എനിക്കൊപ്പം നിൽക്കുന്നതിനേക്കാൾ പ്രധാനം അദ്ദേഹത്തിന്റെ സന്തോഷവും സൗകര്യവുമാണ്,' കീർത്തി വ്യക്തമാക്കി.
ഓർക്കുട്ടിലൂടെയാണ് കീർത്തിയും ആന്റണിയും ആദ്യമായി പരിചയപ്പെടുന്നത്. 'ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. എന്നേക്കാൾ ഏഴ് വയസ്സ് കൂടുതലുള്ള അദ്ദേഹം അന്ന് ഖത്തറിലായിരുന്നു ജോലി ചെയ്തിരുന്നത്. ആറ് വർഷത്തോളം ഞങ്ങളുടേത് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു. കോവിഡ് കാലത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്,' നേരത്തെ ഒരു അഭിമുഖത്തിൽ കീർത്തി പറഞ്ഞിരുന്നു. 2024-ൽ ഗോവയിൽ ദക്ഷിണേന്ത്യൻ ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് ഇരുവരും വിവാഹിതരായത്.
Content Highlights: Actress Keerthy Suresh revealed that baseless link-up rumours with co-actors hurt her, stating she has only had one love in her life. Speaking during promotions for her film Sathyavan Savithri, she praised her husband Antony Thattil for his unwavering trust and support. Keerthy shared that Antony encouraged her to take up the film Dorothy despite doubts from others, and noted they mutually respect each other's space. The couple, who met on Orkut and dated for about 15 years including a six-year long-distance phase, got married in Goa in 2024.