‘അച്ഛന്റെ 75-ാം പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു; പക്ഷേ...’; കുറിപ്പുമായി കാവ്യാ മാധവൻ

പിതാവ് പി. മാധവന്റെ 75-ാം പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി നടി കാവ്യാ മാധവന്‍. അച്ഛന്റെ 75-ാം പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് കാവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അച്ഛന്‍ അറിയാതെ ഒരുപാട് കാര്യങ്ങള്‍ പദ്ധതിയിട്ടിരുന്നുവെന്നും കാവ്യ കുറിച്ചു.
ജൂണിലായിരുന്നു പി. മാധവന്റെ അന്ത്യം. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ചെന്നൈയില്‍വെച്ചാണ് അന്തരിച്ചത്.
കാവ്യാ മാധവന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഇന്ന് നവംബര്‍ 10; അച്ഛന്റെ 75-ാം പിറന്നാള്‍. അച്ഛന്‍ ഒരിക്കലും ഓര്‍ത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം.
അച്ഛന്റെ സന്തോഷങ്ങള്‍ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ, ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛന്‍ അറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു.
എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓര്‍മകളാക്കിയ അച്ഛന്റെ ഈ 75-ാം പിറന്നാള്‍ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകള്‍. പക്ഷേ, അച്ഛന് തിരക്കായി. 75-ാം പിറന്നാള്‍ ദിനത്തില്‍ ഏഴു തിരിയിട്ട വിളക്ക് പോല്‍ തെളിയുന്ന അച്ഛന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഹൃദയാഞ്ജലി.
Content Highlights: Actress Kavya Madhavan shares a heartfelt tribute to her late father on his 75th birthday