‘ആദ്യ സിനിമയാണെന്ന് തോന്നില്ല, കാട്ടാളനെ വേറെ ലെവലിൽ എത്തിച്ചു ; സംവിധായകനെ പ്രശംസിച്ച് നിർമാതാവ്

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ സംവിധായൻ പോൾ ജോർജിനെ പ്രശംസിച്ച് നിർമാതാവ് ഷരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. സംവിധായകന്റെ കഴിവിനെയും സമർപ്പണത്തെയും കുറിച്ചാണ് ഷരീഫ് മുഹമ്മദ് കുറിപ്പിൽ അഭിനന്ദിച്ചിരിക്കുന്നത്. മേയിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
'ഒരു ആദ്യസംവിധാന ചിത്രമായിട്ടും അതുപോലെ തോന്നിയില്ല. സിനിമ കണ്ടിറങ്ങുന്ന ഒരാൾക്ക് പോലും അങ്ങനെ തോന്നില്ല. പോൾ ജോർജ് 'കാട്ടാളനെ' മറ്റൊരു തലത്തിലേക്ക് ഉയർത്തി. ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ വിശ്വാസവും വ്യക്തതയും നിയന്ത്രണവും പ്രകടമാണ്,' എന്നാണ് ഷരീഫ് മുഹമ്മദ് കുറിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ നിർമാണപ്രക്രിയയിൽ സംവിധായകൻ കാണിച്ച ആത്മാർഥതയും സമർപ്പണവും എടുത്തുപറഞ്ഞ ഷരീഫ് മുഹമ്മദ്, യാത്രയിലുടനീളം കാണിച്ച അദ്ദേഹത്തിന്റെ പരിശ്രമത്തിനും സമർപ്പണത്തിനും നന്ദിയും രേഖപ്പെടുത്തി. കൂടുതൽ ഉയരങ്ങളിലേക്ക് അദ്ദേഹം എത്തട്ടെ എന്നും ഷരീഫ് മുഹമ്മദ് ആശംസിച്ചു.
സിനിമയുടേതായി പുറത്തുവന്ന അപ്ഡേറ്റുകൾ ഇതിനകം സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ജംഗിൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലായി പുറത്തിറങ്ങിയ ട്രെയ്ലർ ട്രെൻഡിങ് ആയിരുന്നു. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നതെന്നാണ് മനസിലാക്കാനാവുന്നത്. ആനക്കൊമ്പുകൾക്കും ആയുധ കൂമ്പാരങ്ങൾക്കും നടുവിൽ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററും യുവതാരനിരയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റേയും കഥ പറയുന്ന ഹൈ- വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് 'കാട്ടാളൻ' എന്നാണ് ലഭിക്കുന്ന സൂചന. മേയ് മാസത്തിലെ ചൂടിൽ തിയേറ്ററുകളിൽ ആവേശത്തിന്റെ തീപ്പൊരി പാറിക്കാൻ 'കാട്ടാളൻ' എത്താനൊരുങ്ങുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. സിനിമയിലെ പാട്ടും ട്രെൻഡിങ് ആണ്.
'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എന്റർടെയ്ൻമെന്റ്സുമായുള്ള രവി ബസ്രൂറിന്റെ സഹകരണം. 'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ- ഇന്ത്യൻ സിനിമകളിൽ തന്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾകൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിന്റെ വന്യമായ ഈണവുമായുള്ള ട്രെയ്ലറിലെ മ്യൂസിക് നൽകുന്നത്. കന്നഡയിലെ ശ്രദ്ധേയസംഗീതസംവിധായകൻ അജനീഷ് ലോക്നാഥും 'കാട്ടാളനി'ൽ സംഗീതമൊരുക്കുന്നുണ്ട്.
ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളൻ' ചിത്രീകരണം പൂർത്തിയാക്കിയത്. കാടിന്റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കൽ വീഡിയോ ഏവരുടേയും ശ്രദ്ധകവർന്നുകഴിഞ്ഞു. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂഷൻ പാർട്ണർ. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
നവാഗതനായ പോൾ ജോർജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു പുറത്തിറങ്ങിയിരുന്ന ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആർ ആണ്. എഡിറ്റിങ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.
അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി. സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട്: സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സിക്യൂറ എന്റർടെയ്ൻമെന്റ്സ്, പി ആർ ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Producer Shareef Muhammed lauds director Paul George's debut mastery and clarity. High-octane action thriller featuring Antony Varghese Peppe and Dushara Vijayan. Ravi Basrur and Ajaneesh Loknath composing the powerful musical score. The film features realistic elephant sequences, moving away from pure VFX. Scheduled for a major theatrical release in May 2026