കാട്ടാളന് സംഗീതമൊരുക്കാൻ അജനീഷ് ലോക്നാഥ്; മലയാളത്തിൽ അവതരിപ്പിച്ച് ക്യൂബ്സ് എന്റർടെയ്ൻമെന്റ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബ്രഹ്‌മാണ്ഡ ചിത്രം 'കെജിഎഫി'ന്റെ സംഗീത സംവിധായകന്‍ രവി ബസ്രൂറിനെ 'മാര്‍ക്കോ'യിലൂടെ മലയാളത്തില്‍ അവതരിപ്പിച്ച ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഷെരീഫ് മുഹമ്മദും വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. 'കാന്താര'യുടെ സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ്, ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ടാമത്തെ സിനിമയായ 'കാട്ടാളനി'ലൂടെ തന്റെ മലയാളത്തിലെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. 'കാട്ടാളന്റെ' വേട്ടയ്‌ക്കൊപ്പം അജനീഷ് ലോക്‌നാഥ് ഉണ്ടാകുമെന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന പുതിയ ചിത്രമായ 'കാട്ടാളനി'ല്‍ ആന്റണി വര്‍ഗീസ് പെപ്പെയാണ് നായകന്‍. കൂടാതെ വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റര്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ കൂടി ജോയിന്‍ ചെയ്യുന്നതോടെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്. 

'ശിശിര' എന്ന കന്നഡ ചിത്രത്തിലൂടെ 2009-ല്‍ സിനിമാലോകത്തെത്തിയ അജനീഷ് ഇതിനകം അകിര, കിരിക് പാര്‍ട്ടി, ബെല്‍ബോട്ടം, അവനെ ശ്രീമന്‍ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിര്‍, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ലോകമാകെ തരംഗമായി മാറിയ 'കാന്താര'യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. റിലീസിനായി ഒരുങ്ങുന്ന 'കാന്താര'യുടെ രണ്ടാംഭാഗത്തിനും സംഗീതമൊരുക്കുന്നത് അജനീഷാണ്. 'കാന്താര'യുടെ രണ്ടാംഭാഗത്തിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'കാട്ടാള'നുണ്ട്.

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകത കൂടി മുന്‍ പോസ്റ്ററുകളില്‍ പങ്കുവെച്ചിരുന്നു. മലയാള സിനിമയിലേക്ക് ഒരുപിടി കഴിവുറ്റ കലാകാരന്മാര്‍ക്ക് അവസരം നല്‍കുക മാത്രമല്ല,   മറ്റു ഭാഷ ചിത്രങ്ങള്‍ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തില്‍ എത്തിക്കാന്‍ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷന്‍ ക്വാളിറ്റിയും നല്‍കി കൊണ്ട് 'മാര്‍ക്കോ' പോലെയോ അതിനേക്കാള്‍ ഉയരത്തിലോ ഇനിയും വിജയങ്ങള്‍ കൊയ്‌തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്തായാലും അടുത്ത അപ്‌ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Kattalan, starring Antony Varghese Pepe, marks Ajaneesh Loknath`s Malayalam debut