വീണ്ടും വയലൻസ് ചിത്രവുമായി 'മാർക്കോ' നിർമാതാവ്, 'കാട്ടാള'നിൽ നായകൻ പെപ്പെ

കാട്ടാളൻ പോസ്റ്റർ, ആന്റണി വർ​ഗീസ് | ഫോട്ടോ: അറേഞ്ച്ഡ്, ജമേഷ് കോട്ടയ്ക്കൽ \ മാതൃഭൂമി
കാട്ടാളൻ പോസ്റ്റർ, ആന്റണി വർ​ഗീസ് | ഫോട്ടോ: അറേഞ്ച്ഡ്, ജമേഷ് കോട്ടയ്ക്കൽ \ മാതൃഭൂമി

'മാർക്കോ' എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ  പോസ്റ്റർ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. കാട്ടാളൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ്റണി വർ​ഗീസ് പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നതാണ് പോസ്റ്ററിൽ. 

വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ ഈ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രവുമായി വീണ്ടും ക്യൂബ്സ് എത്തുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിലാണ്. പ്രൊഡക്ഷൻ നമ്പർ 2' എന്ന പേരിൽ അടുത്തിടെ സിനിമയുടെ അനൗൺസ്മെൻറ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്. 

ചിത്രത്തിന്‍റേതായി മറ്റ് വിവരങ്ങളൊന്നും അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റുഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ -ആതിര ദിൽജിത്ത്.

Content Highlights: Kattaalan Movie Poster: Pepe in Cubes Entertainment`s Next