ഒരു നല്ല സിനിമ ചെയ്യണമോ അതോ ഭരിക്കുന്ന പാര്‍ട്ടി പിന്തുണയ്ക്കുന്ന സിനിമ ചെയ്യണമോ; പടയുടെ നിര്‍മാതാവ്

കെ എം കമല്‍ സംവിധാനം ചെയ്ത 'പട' മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പട തിയേറ്ററിലെത്തിയ മാര്‍ച്ച് 11നാണ് വിവേക് രാജന് അഗ്നിഹോത്രി സംവിധാനം ചെയ്ത 'കശ്മീര്‍ ഫയല്‍സും പുറത്തിറങ്ങിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കുന്ന ഈ ചിത്രവും ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇരുചിത്രങ്ങളും തിയേറ്റേറുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പടയുടെ സഹനിര്‍മ്മാതാവ് മുകേഷ് രതിലാല്‍ മെഹ്ത. പട പോലെ ഒരു നല്ല സിനിമ ചെയ്യണോ അതോ ഭരിക്കുന്ന പാര്‍ട്ടിയുടെ (ബിജെപി) പിന്തുണ ലഭിക്കുന്ന ഒരു ചിത്രം ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലാണ് താനെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് ആശയക്കുഴപ്പമുണ്ട്. ഒരു നല്ല സിനിമ ചെയ്യണമോ അതോ ഭരിക്കുന്ന പാര്‍ട്ടിയാല്‍ പിന്തുണക്കപ്പെടുന്ന ഒരു സിനിമ ചെയ്യണോ എന്ന്. 'കാശ്മീര്‍ ഫയല്‍സ്' എന്ന ചിത്രം റീലീസ് ചെയ്ത അതേ ദിവസം തന്നെ 'പട' ഞാന്‍ റിലീസ് ചെയ്തത് അവിചാരിതമാണ്. പടയും യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണ്- മെഹ്ത ട്വീറ്റ് ചെയ്തു.
1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കി നടത്തിയ പ്രതിഷേധ സമരവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് 'പട'യുടെ പ്രമേയം. കുഞ്ചാക്കോ ബോബന്, വിനായകന്, ദിലീഷ് പോത്തന്, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലു കല്ലൂര്‍ എന്ന കഥാപാത്രത്തെയാണ് വിനായകന് അവതരിപ്പിക്കുന്നത്. അരവിന്ദന് മണ്ണൂരായി ജോജു ജോര്‍ജും രാകേഷ് കാഞ്ഞങ്ങാടായി കുഞ്ചാക്കോ ബോബനും എത്തുന്നു.
Content Highlights: Kashmir Files, pada Movie, Vivek Agnihothri, Kamal KM, Mukesh Rathilal Mehtha compares both films