'അവരുടെ ലോകത്ത് ബൻസാലി ആലിയയെപ്പോലെ, സൂരജ് ബച്ചനെപ്പോലെ'; ഫിലിംഫെയർ ചടങ്ങ് ബഹിഷ്കരിച്ച് അഗ്നിഹോത്രി

വിവേക് അ​ഗ്നിഹോത്രി, നോമിനേഷൻ പട്ടിക | PHOTO: TWITTER/VIVEK AGNIHOTRI
വിവേക് അ​ഗ്നിഹോത്രി, നോമിനേഷൻ പട്ടിക | PHOTO: TWITTER/VIVEK AGNIHOTRI

ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അവാര്‍ഡ് സ്വീകരിക്കില്ലെന്നും ബോളിവുഡ് സംവിധായകന്‍ വിവേക് അ​ഗ്നിഹോത്രി. ട്വിറ്ററിലൂടെയാണ് കശ്മീരി ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അ​ഗ്നിഹോത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്‍പ്പെടെ ഏഴ് വിഭാഗങ്ങളില്‍ 68-ാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു. ഫിലിംഫെയര്‍ പുറത്തുവിട്ട മികച്ച സംവിധായകരുടെ നോമിനേഷന്‍ പട്ടികയില്‍ സിനിമകളിലെ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സംവിധായകരുടെ ചിത്രങ്ങള്‍ക്ക് പകരം അഭിനേതാക്കളുടെ ചിത്രങ്ങള്‍ നല്‍കിയതാണ്  വിവേക് അഗ്‌നിഹോത്രിയെ ചൊടിപ്പിച്ചത്. 

താരങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും മുഖമില്ലെന്നാണ് ഫിലിംഫെയറിന്റെ ധാരണയെന്ന് അഗ്നിഹോത്രി കുറിച്ചു. അവരുടെ ലോകത്ത് സഞ്ജയ് ലീല ബന്‍സാലിയ്‌ക്കോ സൂരജ് ബര്‍ജാത്യയ്‌ക്കോ മുഖമില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് സഞ്ജയ് ലീല ബന്‍സാലി കാണാന്‍ ആലിയ ഭട്ടിനെപ്പോലെയാണെന്നും സൂരജ് ബര്‍ജാത്യ ബച്ചനെപ്പോലെയും അനീസ് ബസ്മി കാര്‍ത്തിക് ആര്യനെപ്പോലെയാണെന്നും അഗ്നിഹോത്രി പരിഹസിച്ചു. 

സംവിധായകരെ അപമാനിക്കുന്ന ഈ സംവിധാനം അവസാനിപ്പിക്കണമെന്നും ബോളിവുഡിലെ അഴിമതിക്കും അനീതികള്‍ക്കെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡ് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും അ​ഗ്നിഹോത്രി കുറിച്ചു. 

മികച്ച ചിത്രം, നടന്‍, സഹനടന്‍, തിരക്കഥ, എഡിറ്റിങ് തുടങ്ങിയ വിഭാഗങ്ങളിലും കാശ്മീരി ഫയല്‍സ് നോമിനേഷന്‍ നേടിയിരുന്നു. വിവേക് അ​ഗ്നിഹോത്രിയെക്കൂടാതെ സഞ്ജയ് ലീല ബന്‍സാലി, അനീസ് ബസ്മി, അയന്‍ മുഖര്‍ജി, സൂരജ് ബര്‍ജാത്യ, ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്കും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചിരുന്നു. നിരവധിയാളുകളാണ് അഗ്നിഹോത്രിയെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. 

Content Highlights: kashmir files director Vivek Agnihotri refuses to be part of Filmfare awards